ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിൽ; കേന്ദ്രം കടുപ്പിച്ചാൽ കേരളം കുഴങ്ങും
text_fieldsതിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് പൂർത്തിയാകണമെന്ന കേന്ദ്ര സർക്കാർ നിർദേശം കടുപ്പിച്ചാൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി. അഞ്ച് വയസ്സായാൽ ഒന്നാം ക്ലാസ് പ്രവേശനം നൽകുന്നതാണ് സംസ്ഥാനത്തെ രീതി. ആറ് വയസ്സ് പൂർത്തിയായ കുട്ടികൾ ഇതിനകം സ്കൂളുകളിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂണിന് മുമ്പ് സ്കൂൾ പ്രവേശനം തുടങ്ങുന്ന സന്ദർഭത്തിലും സമാന നിർദേശം കേന്ദ്രം നൽകിയിരുന്നു. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ ഇതുപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കി. സംസ്ഥാന സിലബസിലുള്ള സ്കൂളുകളും സി.ബി.എസ്.ഇ സിലബസിലുള്ള സ്കൂളുകളും സ്കൂൾ പ്രവേശനം അഞ്ച് വയസ്സിൽതന്നെ നടത്തി.
ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഘടന നിലവിലെ 10+2 പാറ്റേൺ 5+3+3+4 എന്ന രീതിയിലേക്ക് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ഇതിൽ സംസ്ഥാന സർക്കാർ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ല. പുതിയ പാറ്റേൺ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂർത്തിയായശേഷമേ നടത്താവൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവർത്തിച്ച് നിർദേശം നൽകിയത്. ഇത് നിർബന്ധിതമായാൽ ഒരു വർഷം കേരളത്തിൽ ഒന്നാം ക്ലാസിൽ കുട്ടികളില്ലാത്ത സാഹചര്യമുണ്ടാകും. സംസ്ഥാനത്തെ സ്കൂളുകളിൽ ആറ് വയസ്സ് പൂർത്തിയായ കുട്ടികൾ ഒന്നാം ക്ലാസ് പൂർത്തിയാക്കി രണ്ടാം ക്ലാസിലേക്ക് കയറ്റം ലഭിക്കുന്നവരാണ്. മൂന്നേകാൽ ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നത്.
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കിയപ്പോഴും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് എന്ന നിബന്ധന കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. അന്ന് കേരളത്തിലെ സാഹചര്യം വിശദീകരിച്ച് ഇളവ് തേടി സർക്കാർ കേന്ദ്രത്തിന് കത്തയക്കുകയായിരുന്നു. പുതിയ വിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി കേന്ദ്രം നിർദേശം ആവർത്തിക്കുന്നത് നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തിനനുസൃതമായി കൊണ്ടുവരുന്ന മാറ്റങ്ങൾക്ക് അനുസരിച്ചായിരിക്കും ഭാവിയിൽ സമഗ്ര ശിക്ഷ അഭിയാൻ ഉൾപ്പെടെയുള്ള സ്കൂൾ വിദ്യാഭ്യാസ പദ്ധതികൾക്ക് ഫണ്ട് വിഹിതം നിശ്ചയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.