ദേശീയപാത 66 ആറുവരിപ്പാതയിലെ ആദ്യ റീച്ച് ഗതാഗതത്തിനൊരുങ്ങി
text_fieldsദേശീയപാത തലപ്പാടി-ചെങ്കള റീച്ചിലെ കാസർകോട് ഒറ്റത്തൂൺ പാലം
കാസർകോട്: സംസ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ആറുവരിപ്പാതയിലെ ആദ്യ റീച്ച് പൂർത്തിയായി. കാസർക്കോട് ജില്ലയിൽതലപ്പാടിയിൽനിന്ന് ചെങ്കളവരെയുള്ള ഭാഗമാണ് വാഹന ഗതാഗതത്തിന് ഒരുങ്ങിയത്. ഉദ്ഘാടനം തീരുമാനിക്കേണ്ടത് ദേശീയപാത അതോറിറ്റിയായതിനാൽ ഗതാഗതത്തിന് ഇന്നോ നാളെയോ തുറന്നുകൊടുക്കും. കേരളത്തിൽ പൂർത്തിയാകുന്ന ആദ്യ റീച്ചാണിത്. നിർമാണം പൂർത്തിയാകാൻ മൂന്നര വർഷമെടുത്തു. ഇപ്പോൾ സർവിസ് റോഡ് വൃത്തിയാക്കൽ പ്രവൃത്തിയാണ് നടക്കുന്നത്. തലപ്പാടി-ചെങ്കള പാതയിൽ 39 കിലോമീറ്റർ ദൂരമാണ് ആദ്യ റീച്ചിനുള്ളത്. 1180 കോടിയുടെ പദ്ധതിയാണിത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലം ഉൾപ്പെടെ നാലു വലിയ മേൽപാലങ്ങളും നാലു ചെറിയ മേൽപാലങ്ങളും ഈ റീച്ചിലുണ്ട്. എട്ടു പാലങ്ങളുടെ പ്രവൃത്തിയും നിശ്ചിത സമയത്തിനകം പൂർത്തിയായി. കാസർകോട് നഗരത്തെ കീറിമുറിച്ച് പോകുന്ന 1.12 കിലോമീറ്റർ ഒറ്റത്തൂൺ പാലമാണ് റീച്ചിലെ ഏറ്റവും വലിയ പ്രത്യേകത. 27 മീറ്റർ വീതിയിൽ ദക്ഷിണേന്ത്യയിൽ ഉയർന്ന ആദ്യ മേൽപാലമാണിത്. കേരളത്തിലെ തൊഴിലാളികളുടെ സഹകരണ സംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ്(യു.എൽ.സി.സി.എസ്) ആദ്യ റീച്ച് പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്. മറ്റു റീച്ചുകൾ കേരളത്തിനു പുറത്തുള്ള വമ്പൻ കമ്പനികളാണ് ഏറ്റെടുത്തിട്ടുള്ളത്.
മൂന്നിടങ്ങളിൽ പാത അഞ്ചു വരിയായി കുറയുന്നുണ്ട്. മൊഗ്രാൽ, ഉപ്പള, ഷിറിയ പാലങ്ങളിലാണ് അഞ്ചുവരിപ്പാത. ഈ പാലങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി കരാർ പ്രകാരം പൊളിക്കാതെ ആറു വരിയോടൊപ്പം നിർത്തുകയായിരുന്നു. ആറുവരി അഞ്ചു വരിയിലേക്ക് ചുരുങ്ങുമ്പോൾ അപകടമില്ലാതാക്കാൻ ആവശ്യമായ സൂചന ബോർഡുകളും വേഗനിയന്ത്രണ അറിയിപ്പുകളും നൽകുന്നുണ്ടെന്ന് യു.എൽ.സി.സി പ്രതിനിധി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.