ആദ്യം ഐ.എ.എസുകാരുടെ സ്ഥലംമാറ്റം പിടിച്ച് പൊതുഭരണവകുപ്പ് ; ഇപ്പോള്‍ മുഴുവന്‍ വകുപ്പുകളും
text_fieldsതിരുവനന്തപുരം: മന്ത്രിസഭയെ നോക്കുകുത്തിയാക്കി ഐ.എ.എസുകാരുടെ മുഴുവന്‍ നിയന്ത്രണവും ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാക്കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാറിൽ ഐ.എ.എസുകാരെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും മന്ത്രിസഭയില്‍ ചര്‍ച്ചപോലും ചെയ്യാത്ത സാഹചര്യമായി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണ് ഐ.എ.എസുകാരുടെ സ്ഥലംമാറ്റ പട്ടിക തയാറാക്കുന്നത്.
തങ്ങളുടെ വകുപ്പുകളില്‍ മേധാവിമാരായി ആരെ വേണമെന്നുപോലും പറയാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ലാതായി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് ജില്ല കലക്ടറായി ആരെ നിയമിക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയാത്ത സാഹചര്യവുമായി. പലപ്പോഴും പതിവ് മന്ത്രിസഭ ചേരുന്ന ബുധനാഴ്ചക്ക് മുമ്പുതന്നെ ഐ.എ.എസുകാരുടെ സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായി.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് സി.പി.ഐ ഈ നിലപാടിനെതിരെ പരസ്യനിലപാടെടുത്തെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് വഴിപ്പെട്ടു. ഇതില്‍ ഒരുവിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കും ആശങ്കയുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും സംബന്ധിച്ച ഫയലുകള്‍ മന്ത്രിസഭയില്‍ ചര്‍ച്ചചെയ്താണ് തീരുമാനിച്ചിരുന്നത്.
തങ്ങളുടെ വകുപ്പുകളുടെ സെക്രട്ടറിമാരെയും വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപന ഡയറക്ടര്‍മാരെയും നിശ്ചയിക്കാന്‍ മന്ത്രിമാര്‍ക്ക് അധികാരമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഇല്ലാതായത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാർ നിയന്ത്രണത്തിലുള്ള വിവിധ വകുപ്പുകളും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പിന്റെ അധീനതയിലാക്കി. ഇതോടെ വകുപ്പുകളിലെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമടക്കം പൊതുഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാകും. ഇതിനെതിരെ സർവിസ് സംഘടനകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
മുഖ്യമന്ത്രിക്ക് കത്തുനല്‍കി ജോയന്റ് കൗൺസിൽ
തിരുവനന്തപുരം: വിവിധ വകുപ്പുകള്‍ക്കുമേല്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പിന്റെ കടന്നുകയറ്റത്തില്‍ ഇടത് അനുകൂല സര്‍വിസ് സംഘടനകളും പ്രതിഷേധത്തില്‍. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അനുകൂല സര്‍വിസ് സംഘടനയായ ജോയന്റ് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. എന്നാല്‍, അനുകൂല പ്രതികരണം ഉണ്ടായില്ലെന്നാണ് സൂചന. ഉത്തരവിലെ അതൃപ്തി സി.പി.ഐ നേതൃത്വത്തേയും ജോയന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. യോജിച്ച സമരത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി വിവിധ സര്‍വിസ് സംഘടന നേതാക്കളുമായി ജോയന്റ് കൗണ്‍സില്‍ ചര്‍ച്ച നടത്തി. സി.പി.എം അനുകൂല സംഘടനയായ എന്‍.ജി.ഒ യൂനിയനും ഉത്തരവിലെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ പരസ്യമായി രംഗത്തുവന്നിട്ടില്ല. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അടക്കം ജീവനക്കാര്‍ക്കു ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സെക്രേട്ടറിയറ്റിലെ പൊതുഭരണ വകുപ്പിലേക്ക് കേന്ദ്രീകരിക്കുന്നതില്‍ ജീവനക്കാര്‍ക്കും ഏറെ ആശങ്കയുണ്ട്.
നടപടിക്കെതിരെ കെ.ജി.ഒ.എഫും
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ വകുപ്പധ്യക്ഷരുടെ അധികാരം വെട്ടിക്കുറച്ചിറക്കിയ ഉത്തരവ് റദ്ദുചെയ്യണമെന്ന് കേരള ഗെസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) ആവശ്യപ്പെട്ടു. നിലവിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ പോലും കാര്യക്ഷമമായി ഉപയോഗിക്കാതെ ഭരണത്തിൽ മെല്ലെപ്പോക്ക് സൃഷ്ടിക്കുന്നു. ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്. സജികുമാറും ജനറൽ സെക്രട്ടറി ഡോ. വി.എം. ഹാരിസും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.