സാമ്പത്തികവർഷാവസാനം: ട്രഷറികളിൽ കൂടുതൽ ക്രമീകരണം
text_fieldsതിരുവനന്തപുരം: സാമ്പത്തിക വർഷാവസാനം ചെക്കുകളും ബില്ലുകളും അനിയന്ത്രിതമായി ട്രഷറികളിൽ എത്തുന്ന സാഹചര്യത്തിൽ ട്രഷറികളിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാർച്ച് 22 വരെ സ്റ്റേറ്റ് വൈഡ് ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ബില്ലുകളും പാസാക്കും.
ഇതോടൊപ്പം തിങ്കളാഴ്ച വരെ സമർപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടേത് ഒഴികെയുള്ള എല്ലാ നോൺ പ്ലാൻ ബില്ലുകളും പാസാക്കും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവുമായി ബന്ധപ്പെട്ട എൽ.ജി.ടി.എസ്.ബി അക്കൗണ്ടുകളിലെ ചെക്കുകൾ അഞ്ചു ലക്ഷം വരെയുള്ളതാണെങ്കിൽ അവയും പാസാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മാർച്ച് 25നുള്ളിൽ സമർപ്പിച്ചവയാകണം.
ശനിയാഴ്ച മുതൽ സമർപ്പിക്കുന്ന എല്ലാ പ്ലാൻ ബില്ലുകളും തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ബില്ലുകളും മുൻഗണനയുടെ അടിസ്ഥാനത്തിൽതന്നെ ടോക്കൺ രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നാണ് ട്രഷറികൾക്കുള്ള നിർദേശം. ഇതിനായി ഗൂഗ്ൾ ഫോം തയാറാക്കിയിട്ടുണ്ട്. ശനിയാഴ്ചമുതൽ ട്രഷറികളിൽ ലഭിക്കുന്ന ബില്ലുകളിൽ ക്യൂവിൽ ഉൾപ്പെടുത്തേണ്ടവ മുൻഗണന അനുസരിച്ച് പുതിയ ഗൂഗ്ൾ ഫോമിൽ ചേർത്തിട്ടുണ്ടെന്ന് ട്രഷറി ഓഫിസർമാർ ഉറപ്പു വരുത്തണം. ഈ വിഷയങ്ങളിൽ ട്രഷറി ഓഫിസർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ജാഗ്രതക്കുറവ് കൃത്യവിലോപമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്.
മാർച്ചിലെ ബില്ലുകളുടെ കുത്തൊഴുക്ക് നേരിടാൻ ട്രഷറികളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.