മത്സ്യങ്ങളുടെ ശവപ്പറമ്പായി തീരങ്ങൾ; കണ്ണീരുമായി കർഷകർ
text_fieldsകൊച്ചി: ഒറ്റരാത്രി കൊണ്ടാണ് പെരിയാറിന്റെ തീരങ്ങൾ മത്സ്യങ്ങളുടെ ശവപ്പറമ്പായി മാറിയത്. എടയാർ വ്യവസായ മേഖലയിൽനിന്ന് ഒഴുക്കിയതെന്ന് സംശയിക്കുന്ന രാസമാലിന്യം കലങ്ങിയ വിഷജലത്തിൽ ചത്തുപൊങ്ങിയ മത്സ്യങ്ങളുടെ കൂനകൾക്ക് മുന്നിൽ കണ്ണീരൊഴുക്കുകയാണ് കർഷകർ. കൂട് കൃഷിയിറക്കിയിട്ട് അധികമാകാത്തതും വിളവെടുപ്പിന് പാകമായതുമടക്കം മത്സ്യങ്ങൾ പൂർണമായി ചത്തത് കർഷകരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒറ്റയടിക്ക് തകർത്തു. പെരിയാറിന്റെ ചില ഭാഗങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാറുണ്ടെങ്കിലും കൈവഴികളിലും കൈത്തോടുകളിലുമടക്കം ഇത്ര വ്യാപകമായി മത്സ്യങ്ങളുടെ കൂട്ടക്കുരുതി ആദ്യമാണെന്ന് കർഷകർ പറയുന്നു.
ശക്തമായ മഴക്കിടെ വ്യവസായശാലകളിൽനിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയതാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന ഭാഗങ്ങളിലാണ് മത്സ്യങ്ങളെ ആദ്യം ചത്തനിലയിൽ കണ്ടത്. തിങ്കളാഴ്ച രാത്രി പെരിയാർ ചില ഭാഗങ്ങളിൽ കറുത്തും വെളുത്തും ഒഴുകിയതായും മത്സ്യങ്ങളെ അങ്ങിങ്ങായി ചത്ത നിലയിൽ കണ്ട് തുടങ്ങിയതായും പ്രദേശവാസികൾ പറയുന്നു. പുലർച്ച പലയിടത്തും ചത്ത മത്സ്യങ്ങൾ കൂട്ടത്തോടെ തീരത്തടിഞ്ഞു.
ചേരാനല്ലൂർ മാരിയത്ത് വീട്ടിൽ ഗ്രാറ്റസ് 13 കൂടുകളിലായി നടത്തിയിരുന്ന കൃഷിയിലെ കാൽ ലക്ഷത്തിലധികം മത്സ്യങ്ങൾ പൂർണമായും ചത്തൊടുങ്ങി. വിളവെടുപ്പിന് പാകമായതും അല്ലാത്തതുമായ മത്സ്യങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ടെന്ന് ഗ്രാറ്റസ് പറഞ്ഞു. ചേരാനല്ലൂർ മാരാപ്പറമ്പിന് സമീപമായിരുന്നു കൃഷി. ഇവർ സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ വലിക്കുമ്പോഴും ചത്ത മീനുകളെയാണ് കിട്ടുന്നത്. 13 ലക്ഷത്തോളം രൂപയാണ് ഗ്രാറ്റസിന് പ്രാഥമികമായി കണക്കാക്കുന്ന നഷ്ടം. പുഴയുടെ അടിത്തട്ടിലെ വരെ മീനുകൾ ചത്തുപൊങ്ങുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം പറയുന്നു.
ഗ്രാറ്റസിനെപ്പോലെ കൃഷിയിറക്കി വിളവെടുപ്പിന് കാത്തിരുന്ന നിരവധി കർഷകർക്കാണ് പ്രതീക്ഷിക്കാതെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചത്. ട്രോളിങ് നിരോധന കാലത്തെ സാധ്യതകൾ മുന്നിൽക്കണ്ടായിരുന്നു ഇവരിൽ പലരുടെയും കൃഷി. ചേരാനല്ലൂർ, മുളവുകാട്, കടമക്കുടി, വരാപ്പുഴ പഞ്ചായത്തുകളിലായി നൂറുകണക്കിന് കർഷകർ കൂട് കൃഷി നടത്തുന്നുണ്ട്. പലരും വായ്പയെടുത്താണ് കൃഷിയിറക്കിയത്. പെരിയാറിൽ മുമ്പും മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുണ്ടെങ്കിലും ഉത്തരവാദികളായ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് പോയെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് ഇവർക്ക് ആരിൽനിന്നും ഉറപ്പൊന്നും കിട്ടിയിട്ടില്ല. അധികൃതർ വിഷയത്തിൽ കാര്യമായി ഇടപെടാത്തതിൽ കർഷകർക്ക് പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.