മത്സ്യക്കുരുതി; രാസമാലിന്യം ഒഴുക്കുന്ന കമ്പനി പൂട്ടാൻ ഉത്തരവ്
text_fieldsകളമശ്ശേരി: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് എടയാർ വ്യവസായ മേഖലയിലെ രണ്ട് കമ്പനികൾക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) നടപടിയെടുത്തു. എ.കെ കെമിക്കൽസ് എന്ന കമ്പനിക്ക് അടച്ചുപൂട്ടാനും അർജുന നാചുറൽസിന് കാരണംകാണിക്കൽ നോട്ടീസുമാണ് നൽകിയിരിക്കുന്നത്. ഇരുസ്ഥാപനങ്ങൾക്കും പുഴയിലേക്ക് ജലം ഒഴുക്കാൻ അനുമതിയില്ല. എന്നാൽ, സൾഫർ പൊടി പാക്കറ്റിലാക്കുന്ന എ.കെ കെമിക്കൽസിൽനിന്ന് സൾഫർ അംശം പെരിയാറിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയെന്ന് നോട്ടീസിൽ പറയുന്നു.
അനുമതിയില്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ബോർഡ് ചൂണ്ടിക്കാട്ടുന്നു. ഓയിൽ സംസ്കരണ യൂനിറ്റായ അർജുന നാചുറൽസിൽനിന്ന് കറുപ്പ് കലർന്ന ദ്രാവകം ഓടയിലൂടെ പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. പ്രവർത്തനാനുമതി റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്ന വ്യവസായശാലകൾക്ക് ഒത്താശ ചെയ്യുന്നതായി ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് നടപടിക്ക് ബോർഡ് നിർബന്ധിതരായത്.
അതേസമയം, പുഴയിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും അനധികൃതമായി മലിനജലം ഒഴുക്കുന്നത് കണ്ടെത്താനുമായി ബോർഡ് സ്ഥാപിച്ച എല്ലാ സംവിധാനങ്ങളും പ്രവർത്തനരഹിതമാണ്. പാതാളം റെഗുലേറ്റർ ബ്രിഡ്ജിനകത്ത് പുഴയുടെ മധ്യത്തിലായും ഏലൂർ മേത്താനം ഭാഗത്തും സ്ഥാപിച്ചിരുന്ന വാട്ടർ മോണിറ്ററിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നില്ല. ഒമ്പതിടത്തായി സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ മൂന്നെണ്ണം പ്രവർത്തിക്കുന്നില്ല. ഇവയിൽനിന്നുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാവുന്ന നിലയിൽ ഫാക്ട് ജങ്ഷനിൽ സ്ഥാപിച്ച ഡിസ്പ്ലേ ബോർഡിൽ തെറ്റായ കണക്കുകളാണ് കാണിച്ചുവന്നത്. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ഇതിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.