മാറാട്-ഗോതീശ്വരം തീരങ്ങളിൽ മത്തിച്ചാകര; നാട്ടുകാർക്ക് കൗതുകം
text_fieldsബേപ്പൂർ: മാറാട്-ഗോതീശ്വരം തീരങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ട മത്തിച്ചാകര കണ്ട് നാട്ടുകാർക്ക് കൗതുകമായി. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് ഒരു മണിവരെ വിവിധ സമയങ്ങളിലായാണ് മത്തിച്ചാകര ഉണ്ടായത്.
തിരമാലയിൽ പെട്ട് കൂട്ടത്തോടെ കരയിലേക്ക് അടിച്ചു കയറി, തീരത്ത് കിടന്നു പിടക്കുന്ന ജീവനുള്ള മത്തിക്കൂട്ടം കണ്ടപ്പോൾ നാട്ടുകാർ ആദ്യം അമ്പരന്നു. പിന്നീട് ഹർഷാരവങ്ങളുമായി മത്സ്യം വാരിക്കൂട്ടുകയും ചുറ്റു ഭാഗമുള്ള ആളുകളെ അറിയിക്കുകയും ചെയ്തതോടെ സ്ത്രീകളും കുട്ടികളും അടക്കം പരിസരപ്രദേശങ്ങളിലുള്ളവർ മാറാട്-ഗോതീശ്വരം കടപ്പുറത്തേക്ക് ഓടിയെത്തി.
പെറുക്കിക്കൂട്ടിയ മത്സ്യം ചാക്കുകളിലും, കവറിലും, പാത്രങ്ങളിലും ശേഖരിച്ചു. കൊണ്ടു പോകാൻ മറ്റു മാർഗങ്ങളില്ലാത്തവർ ഉടുത്തിരുന്ന വസ്ത്രങ്ങളിലടക്കം ശേഖരിച്ച് കൊണ്ടുപോയി. യന്ത്രവൽകൃത ബോട്ടുകളുടെയും വള്ളത്തിന്റെയും എൻജിൻ ശബ്ദത്തിൽ ഭയന്ന മത്തിക്കൂട്ടം, ഉൾക്കടലിലേക്ക് രക്ഷപ്പെടുന്നതിന് പകരം എതിർ ദിശയിലേക്ക് സഞ്ചരിച്ചപ്പോൾ, തിരമാലകളിൽപെട്ട് കരയിലേക്ക് അടിച്ചു കയറിയതാണെന്ന് പരമ്പരാഗത മീൻ പിടിത്തക്കാർ അഭിപ്രായപ്പെട്ടു.
മണൽ പരപ്പുള്ള തീരഭാഗങ്ങളിലാണ് മത്തികൾ അടിഞ്ഞത്. കടൽ സുരക്ഷാ ഭിത്തികളുള്ള ഭാഗത്ത് മത്തിച്ചാകര കല്ലുകൾക്കുള്ളിൽ കുടുങ്ങിപ്പോയി.വിവരമറിഞ്ഞതോടെ, പരിസരപ്രദേശങ്ങളിൽ നിന്നും ആളുകൾ കൂടുതലായി എത്തിയെങ്കിലും ഉച്ചയോടെ ചാകര അപ്രത്യക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.