മായത്തിൽ മുങ്ങി മത്സ്യ വിപണി
text_fieldsതൃശൂർ: കണ്ടാൽ ഇപ്പോൾ പിടിച്ചതിന് സമാനമായിരിക്കും. അല്ലേൽ ഐസിലാണേലും ഫ്രഷായി തോന്നും. എന്നാൽ, കുഞ്ഞൻ മത്സ്യങ്ങൾ വരെ ഏറെ പഴകിയ നിലയിലാണ് വിപണിയിലുള്ളത്.
തൃശൂര്‍ നിയോജകമണ്ഡല പരിധിയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പരിശോധനയില്‍ 11 കിലോ പഴകിയ മത്സ്യമാണ് കണ്ടെടുത്ത് നശിപ്പിച്ചത്. ഓപറേഷന്‍ സാഗര്‍ റാണി രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ്, കാളത്തോട്, ചെമ്പുക്കാവ്, പറവട്ടാനി, പാട്ടുരായ്ക്കല്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. മാര്‍ക്കറ്റില്‍നിന്ന് ലഭിക്കുന്ന മത്സ്യം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന വ്യാപക പരാതിയെത്തുടര്‍ന്നായിരുന്നു സംയുക്ത പരിശോധന.
'കുട്ടപ്പനാക്കാൻ' രാസപദാർഥങ്ങൾ
മൃതദേഹം കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമലിൻ അടക്കം രാസപദാർഥങ്ങളാണ് മത്സ്യം ചീത്തയാകാതിരിക്കാൻ പ്രയോഗിക്കുന്നത്.
അമോണിയ ചേർത്ത മത്സ്യങ്ങളും കൂട്ടത്തിലുണ്ട്. ഒപ്പം ഫോർമലിൻ ചേർത്ത ഐസ് ഉപയോഗിക്കുന്ന കച്ചവടക്കാരുമുണ്ട്. മൈനസ് 18 ഡിഗ്രിയിൽ ശരിയായ രീതിയിൽ ശീതീകരിച്ചാൽത്തന്നെ ഒരുമാസത്തിലധികം മത്സ്യം കേടുകൂടാതെ ഇരിക്കുമെന്നാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇതോടൊപ്പം നേരത്തേ പറഞ്ഞ ഫോർമലിൻ അടക്കം ഉപയോഗിക്കുന്നതോടെ അഞ്ചുമാസം വരെ പഴകിയ മത്സ്യങ്ങൾ വിപണി വാഴും. ഇതിനനുസരിച്ച് വമ്പൻ ഫ്രീസിങ് സംവിധാനങ്ങളുള്ള ഭീമൻ കമ്പനികൾ വരെ ജില്ലയുടെ വിവിധ മേഖലകളിലുണ്ട്. ഇത്തരം രാസപദാർഥങ്ങൾ ഉപയോഗിക്കുന്നത് മൂലം കൈ വിണ്ടുകീറുന്നതടക്കം പ്രശ്നങ്ങൾ മത്സ്യക്കച്ചവടക്കാരെ ബാധിക്കുന്നുണ്ട്.
എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്ന്
ജില്ലയുടെ അങ്ങേയറ്റമായ അഴീക്കോട് മുനക്കലിലേക്ക് വരെ ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യം എത്തുന്നുണ്ട്.
ശീതീകരിച്ച വലിയ വാഹനങ്ങളിലും ട്രെയിനുകളിലുമടക്കം ഇത്തരത്തിൽ മത്സ്യം അമിതമായി രാസപദാർഥങ്ങൾ ചേർത്ത് എത്തുന്നതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കേര, നെയ്മീൻ, തിരുത, സ്രാവ്, കുടുത, വറ്റ അടക്കം വലിയ മീനുകളാണ് മംഗലാപുരത്തുനിന്നും ഗുജറാത്ത്, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നും എത്തുന്നത്.
വേനൽച്ചൂടിൽ ചീഞ്ഞ്
വേനൽച്ചൂട് കൂടിയ സാഹചര്യത്തിൽ മത്സ്യം ചീയാനുള്ള സാധ്യത കൂടുതലാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചെലവ് ചുരുക്കാൻ മതിയായ ഐസ് ഉപയോഗിക്കാത്തതും പ്രശ്‌നമാണ്. ജില്ലയിലെ കടലിൽനിന്ന് മത്സ്യലഭ്യത കുറഞ്ഞതും ഡിമാൻഡ് കൂടിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മത്സ്യകൃഷി നടത്തുന്നവരെ ആശ്രയിക്കുന്ന കച്ചവടക്കാരുമുണ്ട്.
പരിശോധന ഫലത്തിന് പിന്നാലെ തുടർ നടപടി
കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും കാക്കനാട് റീജനല്‍ അനലറ്റിക്കല്‍ ലാബ്, ഭക്ഷ്യസുരക്ഷ മൊബൈല്‍ ലാബുകളിലേക്ക് പരിശോധനക്ക് അയക്കുകയും ചെയ്തു. ലാബില്‍നിന്നുള്ള പരിശോധന ഫലം ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. കെമിക്കല്‍ സ്ട്രിപ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അമോണിയ, ഫോര്‍മലിന്‍ എന്നീ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
നിലവില്‍ കണ്ടെടുത്ത പഴകിയ മത്സ്യം ആരോഗ്യ വിഭാഗത്തിന്‍റെ സഹായത്തോടെ നശിപ്പിച്ചുകളഞ്ഞു. ലാബ് റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് കടയുടമകളുടെ ലൈസൻസ് റദ്ദാക്കുന്നതും പിഴ ഈടാക്കുന്നതുമടക്കം നടപടികളുമുണ്ടാകും.
മൊബൈൽ ലാബിൽ വിശദമാകില്ല
നഗരത്തിൽ മൊബൈൽ ലാബ് സജ്ജമാണെങ്കിലും വിശദപരിശോധനകൾ നടക്കില്ല. പ്രാഥമിക പരിശോധനങ്ങൾ മാത്രമാണ് മൊബൈൽ ലാബിൽ നടക്കുന്നത്.
അതുകൊണ്ടാണ് കാക്കനാട്ടെ ലാബിൽ പരിശോധന നടത്തണമെന്ന നിർദേശം നൽകിയത്. മീനുകളിലെ പരിശോധനകൾക്കൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കളിലെ പരിശോധനകളും തുടരും.
സ്‌പെഷൽ സ്‌ക്വാഡ് രംഗത്തിറങ്ങി മിന്നൽ പരിശോധനകൾ ശക്തമാക്കുകയാണ്. പരമാവധി സ്ഥലങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.