മത്സ്യസമ്പത്ത് കുറഞ്ഞു; കടലോരം വറുതിയിൽ ബോട്ടിറക്കാതെ തൊഴിലാളികൾ
text_fieldsകരുനാഗപ്പള്ളി: കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ ബാക്കിയാവുന്നത് കടബാധ്യത മാത്രം. ഒരു ബോട്ട് കടലിലിറക്കാൻ 5000 ലിറ്റർ ഡീസൽ, 5000 പീസ് ഐസ്, ജീവനക്കാർക്കാവശ്യമായ ഭക്ഷണം എന്നിവക്കായി രണ്ട് ലക്ഷം രൂപയോളം ചെലവുണ്ട്.
എന്നാൽ, അത്രയുംതുക ചെലവാക്കി കടലിൽ പോയി വന്നാൽ ഒരു ലക്ഷം രൂപയുടെ മത്സ്യംപോലും കിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. കോടികൾ വായ്പയെടുത്ത് ബോട്ട് വാങ്ങിയവർ പലിശപോലും അടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. കൊള്ളവിലക്ക് ഡീസൽ അടിച്ച് മത്സ്യബന്ധനത്തിന് പോയാൽ ആകെ കിട്ടുന്നത് കരിച്ചാളമത്തിയാവും. ഇത് കിലോക്ക് 25 രൂപക്ക് പോലും എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു.
വള്ളത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവരുടെ ജീവിതവും കഷ്ടത്തിലാണ്. ഈ കാലയളവിൽ സാധാരണ വള്ളക്കാർക്ക് കിട്ടാറുള്ള നെയ്മത്തി, അയല എന്നിവയൊന്നും ഇപ്പോൾ കടലിലില്ല. നെയ്മത്തിക്ക് മുന്നൂറ് രൂപ വരെ വിലയുെണ്ടങ്കിലും പേരിന് പോലും കിട്ടുന്നില്ല. കായംകുളം കായലിൽ ബോട്ടുകളും വള്ളങ്ങളും കെട്ടിയിട്ടിരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. തങ്ങളുടെ ദൈന്യാവസ്ഥ കണ്ടറിഞ്ഞ് സർക്കാർ സഹായം നൽകുന്നിെല്ലന്ന് മത്സ്യബന്ധന രംഗത്തുള്ളവർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.