ഊത്തപിടിത്തക്കാർക്ക് പിടിവീഴും; നടപടി കർശനമാക്കി ഫിഷറീസ് വകുപ്പ്
text_fieldsകൊച്ചി: മൺസൂൺ കാലത്തെ ഊത്തപിടിത്തത്തിനെതിരെ നടപടി കർശനമാക്കി ഫിഷറീസ് വകുപ്പ്. പിടിക്കപ്പെട്ടാൽ 15,000 രൂപ പിഴയും ആറുമാസത്തെ തടവും ശിക്ഷയായി ലഭിക്കുമെന്ന് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. മീനുകളുടെ പ്രജനനകാലമാണ്മൺസൂൺ. മുട്ടയിടാനാണ് മീനുകൾ വയലുകളിലേക്കും ചെറുതോടുകളിലേക്കുമെല്ലാം കയറിവരുന്നത്. ഈ സമയത്തെ മീൻപിടിത്തം കേരള അക്വാകൾചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് 2010 പ്രകാരം നിരോധിച്ചിട്ടുണ്ട്. ഊത്തപിടിത്തം ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിനാണ് കാരണമാകുന്നതെന്ന് ഫിഷറീസ് വകുപ്പ് വിശദീകരിക്കുന്നു. അനിയന്ത്രിത മീൻ വേട്ട മൂലം 60 ഇനത്തിൽപെട്ട ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾക്ക് ഭീഷണി നേരിടുന്നുണ്ട്. ഊത്തപിടിത്തക്കാരെ ലക്ഷ്യമിട്ട് പരിശോധന ശക്തമാക്കിയ വകുപ്പ്, പല മേഖലകളിലും അവരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കാലവർഷാരംഭത്തിലെ പുതുമഴയിൽ പാടങ്ങളും തോടുകളും കുളങ്ങളുമെല്ലാം നിറഞ്ഞുകവിയും. ഇതോടെ പുഴകളിൽനിന്നും മറ്റ് ജലാശയങ്ങളിൽനിന്നും വെള്ളം കുറഞ്ഞ ചെറുതോടുകളിലേക്കും വയലുകളിലേക്കുമെല്ലാം മീനുകൾ കൂട്ടത്തോടെയെത്തും. ഇതാണ് ഊത്ത എന്നറിയപ്പെടുന്നത്.
ഗ്രാമപ്രദേശങ്ങളിൽ പ്രധാനമായും മഞ്ഞക്കൂരി ഇനത്തിൽപെട്ട മീനാണ് ഇൗ സമയത്ത് കൂടുതലായി ലഭിക്കുന്നത്. പുറമെ വാള, വരാൽ, കാരി, കുറുവ, പള്ളത്തി, കറൂപ്പ് തുടങ്ങിയവയും ലഭിക്കും. ഊത്തമീനിന് മാർക്കറ്റിൽ വലിയ ഡിമാൻഡുമുണ്ട്. ദേശീയപാതയോരങ്ങളിലടക്കം താൽക്കാലിക ഊത്തമീൻ വിപണനകേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.