മത്സ്യത്തൊഴിലാളികളുടെ വികസനവും തീരദേശ സംരക്ഷണവും: ടിസ് റിപ്പോർട്ടിനോട് കണ്ണടച്ച് സർക്കാർ
text_fieldsകൊച്ചി: കേരളത്തിലെ ഒാഖിബാധിത മത്സ്യത്തൊഴിലാളികളുടെ വികസനത്തിനും തീരദേശ സംരക്ഷണത്തിനുമായി പാക്കേജ് തയാറാക്കുന്നതിന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്) നൽകിയ റിപ്പോർട്ടിനോട് കണ്ണടച്ച് സർക്കാർ. കടൽത്തീരം കാർന്നുതിന്നുന്നതിനെ പ്രതിരോധിക്കാൻ തീരപ്രദേശത്തെ നിർമാണപ്രവർത്തങ്ങളും ഖനനവും നിയന്ത്രിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന ശിപാർശ. അശാസ്ത്രീയ പുലിമുട്ട് നിർമാണവും ഹാർബറുകളും കടൽത്തീരം തകർക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
നേരേത്ത കടൽകയറ്റത്തിൽ തീരനഷ്ടം ഉണ്ടായിരുന്നില്ല. എന്നാൽ, ഹാർബറുകളുടെയും പുലിമുട്ടുകളുടെയും നിർമാണത്തോടെ തീരനഷ്ടം വർധിച്ചു. അശാസ്ത്രീയ പുലിമുട്ട് കടല്‍ത്തീരത്തെ നാമാവശേഷമാക്കി. പുലിമുട്ട് കാരണം കടപ്പുറം ഇല്ലാതാവുകയും കടല്‍ഭിത്തി താഴുകയും ചെയ്യുന്നു. ഇത് ഗുരുതര പരിസ്ഥിതിപ്രശ്നങ്ങൾക്ക് വഴിവെച്ചു. പണ്ട് 250 മീറ്റര്‍ കടപ്പുറം ഉണ്ടായിരുന്ന പലയിടത്തും ഇപ്പോള്‍ 10 മീറ്റര്‍ മാത്രമായി. പുലിമുട്ടിെൻറ നീളം കൂടുന്തോറും കടൽക്ഷോഭത്തിെൻറ തോതും വധിക്കുകയാണ്.
പ്രകൃതിക്കുണ്ടായേക്കാവുന്ന ആഘാതങ്ങള്‍ വ്യക്തമായി പഠിച്ച് നടപ്പാക്കുന്ന ശാസ്ത്രീയ നിര്‍മാണങ്ങളാണ് തീരദേശത്ത് വേണ്ടത്. കടല്‍പോലെ ജൈവസമ്പന്നമായ ആവാസവ്യവസ്ഥയെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ശാസ്ത്രീയതക്കും സാങ്കേതികമികവിനും മുന്‍ഗണന നൽകണമെന്നും ആവശ്യപ്പെട്ടു. മത്സ്യഗ്രാമങ്ങളിലെ ഡ്രെയിനേജുകളുടെ അശാസ്ത്രീയ നിർമാണം തീരദേശമേഖലയിലെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. കഴിഞ്ഞ 32 വർഷമായി സുരക്ഷിത കുടിവെള്ളം ലഭിക്കാനുള്ള അവകാശത്തിന് വിഴിഞ്ഞം തീരദേശവാസികൾ പോരാടുകയാണ്. ഭൂരിഭാഗം വീടുകളും ആഴ്ചയിൽ രണ്ടുതവണ വിതരണം ചെയ്യുന്ന വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയെ ആശ്രയിച്ചിരിക്കുന്നു.
തീരദേശത്തെ ദുരന്തങ്ങൾ, ഉപജീവന നഷ്ടം എന്നിവ പരിഹരിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സഹായിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രഫ. പി.കെ. ഷാജഹാൻ, പ്രഫ. കെ. അനിൽ കുമാർ, ഡോ. എസ്. മുഹമ്മദ് ഇർഷാദ് തുടങ്ങിയവരടങ്ങിയ സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.