ഫിഷറീസ് സർവകലാശാല വി.സി നിയമനം; ഹരജികൾ തുടർ വാദത്തിന് മാറ്റി
text_fieldsകൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ. കെ. റിജി ജോണിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഹരജികൾ ഹൈകോടതി തുടർ വാദത്തിന് മാറ്റി.
യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ. വിജയൻ, ഡോ. ജി. സദാശിവൻ നായർ എന്നിവർ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയത്.
2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ കുഫോസ് വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്. തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽനിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പി.എച്ച്.ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു.
തമിഴ്നാട് സർവകലാശാലയിൽ നിരവധി തവണ വകുപ്പുതല അന്വേഷണം നേരിട്ട ഡോ. റിജിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്നാണ് അവിടെനിന്ന് രാജിവെക്കേണ്ടി വന്നതെന്നും ആരോപിച്ചു.
വി.സിയാകാൻ ഒരു സർവകലാശാലയിൽ പ്രഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നാണ് യു.ജി.സി മാനദണ്ഡം.
കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ യു.ജി.സി മാനദണ്ഡം ബാധകമല്ലെന്ന് സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.