മരണഭീതിയുടെ കടൽകടന്ന് അവർ ജീവെൻറ തീരമണഞ്ഞു
text_fieldsകൊച്ചി: വള്ളത്തിെൻറ അമരവും ഭേദിച്ച് തുടർച്ചയായെത്തിയ തിരമാലകൾ ചുഴറ്റിയെടുത്ത താണ് അവസാന ഓർമ. നിലതെറ്റി വീണപ്പോൾ പ്രതീക്ഷയുടെ തുരുത്തുപോലും ദൃശ്യമാകാതെ കടലി ൽ കിടന്ന മണിക്കൂറുകൾ ഉള്ളിലിപ്പോഴും ഭീതിനിറക്കും. വള്ളത്തിെൻറ വശങ്ങളിൽ പിടിച്ചു കിടന്ന് പ്രാണരക്ഷാർഥം അവർ അലറിവിളിച്ചു. കിലോമീറ്ററുകൾക്കുള്ളിൽ രക്ഷയുടെ ഒരു തിരിനാളം പോലുമില്ല. തളർന്ന ശരീരവും തളരാത്ത മനസ്സുമായി പ്രാർഥനകളോടെയവർ കിടന്നു. ഈ നേരം രക്ഷാദൗത്യവുമായി കുതിച്ചെത്തിയ നാവികസേന കപ്പൽ ഐ.എൻ.എസ് ശാർദയെ ദൈവദൂതനെന്നാണ് അവർ വിശേഷിപ്പിക്കുക.
‘വെള്ളത്തിൽ കിടന്ന് ഉടുത്തിരുന്ന വസ്ത്രങ്ങളഴിച്ച് ഞങ്ങൾ ഉയർത്തിപ്പിടിച്ചു, ബോട്ടുകാർ ആരെങ്കിലും കണ്ട് ഞങ്ങൾക്കരികിലേക്ക് എത്താനായിരുന്നു അത്. രക്ഷകരായി എത്തിയ നേവി ഉദ്യോഗസ്ഥരോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല’- പറയുമ്പോൾ മനോഹരെൻറ മുഖത്ത് തിരിച്ചുകിട്ടിയ ജീവെൻറ തിളക്കം. നാവികസേന കടലിൽനിന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ചൊവ്വാഴ്ച രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ‘ഓംകാരം’ ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ കാഞ്ഞങ്ങാട് സ്വദേശികളായ മനോഹരൻ (56), വാസവ് (57), ചന്ദ്രൻ (60), സുരേഷ് (42), സുരേന്ദ്രൻ(49) എന്നിവർ കടലിൽ വീണത്. ഞായറാഴ്ച നാലുമണിക്ക് കാഞ്ഞങ്ങാട് ചെറുവത്തൂരിൽനിന്നാണ് ഇവർ പുറപ്പെട്ടത്. ‘ആറ് മണിയോടെയാണ് ഞങ്ങൾ വലയിറക്കിയത്. വടക്കുനിന്നുള്ള കാറ്റ് കൂടിയതാണ് പ്രശ്നമായത്. കാറ്റിെൻറ വേഗം കൂടിയപ്പോൾ തിരമാല ആഞ്ഞടിച്ചു.
വല വലിച്ചുകയറ്റുന്നതിനിടെയാണ് അമരത്തിന് മുകളിലേക്ക് തിരയെത്തിയത്. രണ്ടുമൂന്ന് തിര അടുത്തടുത്ത് വന്നതോടെ വള്ളം മറിഞ്ഞ് ഞങ്ങൾ കടലിലേക്ക് വീണു’- മനോഹരൻ പറഞ്ഞു. വള്ളം മറിഞ്ഞപ്പോൾ അരമണിക്കൂറോളം അതിന് മുകളിൽ കയറിനിന്നു. അധികനേരം ഇങ്ങനെ നിൽക്കാൻ കഴിഞ്ഞില്ല, വള്ളം കടലിലാണ്ടുപോയതോടെ ഞങ്ങളും വെള്ളത്തിലേക്ക് വീണു. രണ്ടര മണിക്കൂറോളം ഇങ്ങനെ കിടന്നു. തുണി തണ്ടിൽകെട്ടി ഉയർത്തിപ്പിടിച്ചിരിക്കുന്നതുകണ്ട് ഈ സമയത്താണ് ഐ.എൻ.എസ് ശാർദ എത്തുന്നത്. പുതിയൊരു ജീവിതമാണ് അവർ ഞങ്ങൾക്ക് നൽകിയത്’- അവർ കൂട്ടിച്ചേർത്തു.
അഴീക്കലിനടത്തുകൂടെ പട്രോളിങ് നടത്തുമ്പോൾ ഒരു ഉദ്യോഗസ്ഥനാണ് 500 മീറ്റർ ദൂരെ ആളനക്കം കണ്ടതെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഐ.എൻ.എസ് ശാർദയുടെ കമാൻഡിങ് ഓഫിസർ ആർ. അനൂപ് പറഞ്ഞു. ഉടൻ അവിടേക്ക് പുറപ്പെട്ട് കപ്പലിലെ ചെറുബോട്ടുകൾ കടലിലിറക്കി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മത്സ്യത്തൊഴിലാളികൾ കാസർകോട്ടേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.