കാവൽ മാലാഖമാരായി എത്തിയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചുപോയി
text_fieldsപത്തനംതിട്ട: വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിന്യസിച്ച മത്സ്യത്തൊഴിലാളികളും വള്ളങ്ങളും കൊല്ലത്തേക്ക് മടങ്ങിത്തുടങ്ങി.
തിരുവല്ലയിലെത്തിയ ഏഴ് വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ മടങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് 11 വള്ളങ്ങളാണ് തിരുവല്ല താലൂക്കില്‍ എത്തിച്ചിരുന്നത്. ഇതില്‍ ഏഴ് വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളും അവ എത്തിച്ച ലോറി ജീവനക്കാരുമാണ് യാത്രയായത്.
ആലപ്പാട് അഴീക്കല്‍, കൊല്ലം നീണ്ടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ 42 പേരും കരുനാഗപ്പള്ളിയിലെ ലോറി ജീവനക്കാരായ 14 പേരും യാത്രതിരിച്ച സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇനി നാലു വള്ളങ്ങളാണ് തിരുവല്ലയില്‍ അവശേഷിക്കുന്നത്. 2018, 19 വെള്ളപ്പൊക്കങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ഇവര്‍ ജില്ലയില്‍ എത്തിയിരുന്നു.
മഴ ശക്തമായതിനെത്തുടര്‍ന്നാണ് ഈ മാസം ഒമ്പതിന് മത്സ്യത്തൊഴിലാളികളെ ജില്ലയില്‍ എത്തിച്ചത്. എന്നാൽ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങേണ്ട സാഹചര്യം വന്നില്ല. വെള്ളപ്പൊക്കഭീഷണി മാറിയതിനു ശേഷമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് തിരുവല്ല ഗവ. െറസ്റ്റ് ഹൗസിലും ലോറി ജീവനക്കാര്‍ക്ക് കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. ഭക്ഷണവും വസ്ത്രങ്ങളും സൗകര്യങ്ങളും അധികൃതര്‍ നല്‍കിയിരുന്നതായി തിരുവല്ല തഹസില്‍ദാര്‍ മിനി കെ. തോമസ് പറഞ്ഞു.
തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ഇവരെ യാത്രയാക്കിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അജിത്, ബി. അനില്‍ കുമാര്‍, കെ.ആര്. സുധാമണി എന്നിവരും മത്സ്യത്തൊഴിലാളികള്‍ യാത്രയാക്കാന്‍ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.