മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ: നാല് ജീവനക്കാർക്കെതിരായ നടപടി പിൻവലിച്ചു
text_fieldsഫോർട്ട്കൊച്ചി: ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷയിലെ നടപടിയിൽ കാലതാമസം ഉണ്ടായതിനെ തുടർന്ന് മത്സ്യത്തൊഴിലാളിയായ പറവൂർ മൂത്തകുന്നം സ്വദേശി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പുതല നടപടി നേരിട്ട ഏഴ് ജീവനക്കാരിൽ നാല് പേർക്കെതിരെയുള്ള നടപടി റവന്യൂ വിഭാഗം പിൻവലിച്ചു.
ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ ജെറോമിക് ജോർജിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ ജീവനക്കാരായിരുന്ന ഏഴ് പേർക്കെതിരെ വകുപ്പുതല നടപടി ആരംഭിക്കുകയും ആറുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
മധ്യ മേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കമീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാർക്കെതിരെയുള്ള നടപടി പിൻവലിക്കാനും മൂന്ന് പേർക്കെതിരെയുള്ള നടപടി തുടരുവാനും റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ബിനുരാജ് ഉത്തരവിറക്കിയിരിക്കുന്നത്.
മുൻ സീനിയർ ക്ലർക്ക് സി.ജെ. ഡെൽമ, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി. നിഷ, എൽ.ഡി ടൈപ്പിസ്റ്റ് ടി.കെ. ഷമീം, സീനിയർ സൂപ്രണ്ടും ഇപ്പോൾ സർവിസിൽനിന്ന് വിരമിക്കുകയും ചെയ്ത ജോൺസൻ ജോർജ് എന്നിവർക്കെതിരെയുള്ള നടപടിയാണ് പിൻവലിച്ചത്.
അതേസമയം മുൻ ജൂനിയർ സൂപ്രണ്ട് ഷനോജ് കുമാർ, സീനിയർ ക്ലർക്ക് ഒ.ബി അഭിലാഷ്, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ്ലം എന്നിവർക്കെതിരെ നടപടി തുടരും. നടപടി പിൻവലിച്ച ജീവനക്കാർ ആരും തന്നെ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഉത്തരവിൽ പരാമർശമുണ്ട്. ജോൺസൻ ജോർജ് വിരമിച്ചതിനാൽ മാനുഷിക പരിഗണന കൂടി നൽകിയാണ് നടപടിയിൽനിന്ന് ഒഴിവാക്കിയത്. ലാൻഡ് റവന്യൂ ജോയന്റ് കമീഷണറുടെ അന്വേഷണ റിപ്പോർട്ടിനെതിരെ അന്നുതന്നെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.