മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: ആറു ദിവസം കഴിഞ്ഞിട്ടും അവ്യക്തത
text_fieldsഫോർട്ട്കൊച്ചി: മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് കടലിൽ വെടിയേറ്റ് ആറ് ദിവസം കഴിഞ്ഞിട്ടും വെടിയുതിർത്തത് ആരെന്നതിൽ അവ്യക്തത തുടരുന്നു.
സംഭവ ദിവസം നാവികസേന ആസ്ഥാനമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം നടന്നിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും നാവികസേന ഇതുവരെ കൈമാറിയിട്ടില്ല.
വിവരങ്ങൾ നൽകാൻ നാവികസേനക്ക് സാങ്കേതിക തടസ്സമുണ്ടെന്നാണ് വിവരം.
നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായുള്ള വെടിയുണ്ട തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധന റിപ്പോർട്ട് വന്നശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് എസ്.ഐ സംഗീത് ജോബ് പറഞ്ഞു.
2010 ജൂലൈ ഏഴിന് ദ്രോണാചാര്യ പരിശീലന കേന്ദ്രത്തിൽ ജമ്മു കശ്മീർ സ്വദേശി റിയർ അഡ്മിറൽ സത്യേന്ദ്ര സിംഗ് ജാംവാൽ വെടിയേറ്റ് മരിച്ചിരുന്നു. മരണം കരയിലായിരുന്നതിനാൽ ഫോർട്ട്കൊച്ചി പൊലീസാണ് അന്ന് അന്വേഷിച്ചത്.
അന്നും വെടിവെപ്പ് പരിശീലനം സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് നാവികസേന സാങ്കേതിക കാരണങ്ങളാൽ മറുപടി നൽകിയിരുന്നില്ല.
തുടർന്ന് അന്വേഷണവും മുന്നോട്ട് പോയില്ല. അതുതന്നെ വീണ്ടും സംഭവിക്കുമോയെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.