കടലിലും കരയിലും അദാനിയെ ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന്റെ നിർമാണം നിർത്തിവെച്ച് ആഘാതപഠനം നടത്തുകയെന്ന ആവശ്യമുന്നയിച്ച് കരക്കൊപ്പം കടലും രാപ്പകൽ ഉപരോധിച്ച് സമരത്തിന്റെ ഏഴാം ദിനം മത്സ്യത്തൊഴിലാളികൾ. അതേസമയം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ ജില്ലതല സർവകക്ഷി യോഗം വിളിച്ചു. സമരസമിതി നേതാക്കളെ കൂടി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പൂന്തുറ ഇടവകയുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച കരമാർഗവും കടലിലൂടെ മത്സ്യബന്ധന യാനങ്ങളിലുമെത്തി തുറമുഖം ഉപരോധിച്ചത്. നൂറുകണക്കിന് സ്ത്രീകളുൾപ്പെടെ മത്സ്യത്തൊഴിലാളികൾ ബൈക്കുകളിൽ തുറമുഖ കവാടത്തിലേക്ക് ഉപരോധത്തിനെത്തി. പദ്ധതി പ്രദേശത്തെത്തിയ പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ തള്ളി മാറ്റി.
സമരക്കാർ പ്രവേശിക്കാതിരിക്കാൻ അധികൃതർ അടച്ചിട്ട കൂറ്റൻ ഗേറ്റ് ചാടിക്കടന്ന തൊഴിലാളികൾ താഴുകൾ അടിച്ചുപൊട്ടിച്ചു. തുടർന്ന്, പദ്ധതി പ്രദേശത്ത് പ്രവേശിച്ച് ടവറിനു മുകളിൽ കൊടി നാട്ടി. കടൽ മാർഗമെത്തിയ മത്സ്യത്തൊഴിലാളികളും പദ്ധതി നിർമാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. തുറമുഖ നിർമാണം നിർത്തിവെക്കും വരെ സമരം തുടരുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു.
മുഖ്യമന്ത്രിയുമായി ചർച്ച വേഗത്തിൽ വേണമെന്നും അതിരൂപത ആവശ്യപ്പെട്ടു. അതേസമയം വിഴിഞ്ഞം പദ്ധതിക്കെതിരായ സമരം ചർച്ച ചെയ്യാൻ ചേർന്ന ഉപസമിതി നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ ധാരണയായി. കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഭൂമി ലഭ്യതക്കുറവ് പരിഹരിക്കാൻ കൂടുതൽ ഭൂമി ഏറ്റെടുക്കും. വിവിധ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിന്മേൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയായിരിക്കും. 2000ത്തോളം കുടുംബങ്ങളുടെ പുനരധിവാസത്തിന് സാധ്യത തുറക്കുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.