കരുതൽ മേഖല നിയമം: ആശങ്ക മുറുകി മത്സ്യത്തൊഴിലാളികൾ
text_fieldsപൂന്തുറ: കേന്ദ്രം നടപ്പാക്കാന്‍ ഒരുങ്ങുന്ന കരുതല്‍മേഖലനിയമം ആഴക്കടല്‍ മത്സ്യബന്ധനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക രൂക്ഷമായതോടെ മുരാരി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ശക്തമാകുന്നു.
വിദേശ ട്രോളറുകള്‍ക്ക് ഗുണം ലഭിക്കുന്ന വിധത്തിൽ, തീരക്കടലില്‍ നിശ്ചിതമേഖലയെ കരുതല്‍ മേഖലയായി (ബഫര്‍സോണ്‍) പ്രഖ്യാപിക്കുന്നതാണ് ഈ നിയമം. സംസ്ഥാനത്തെ 90 ശതമാനം ബോട്ടുകളും മത്സ്യബന്ധനം നടത്തുന്നത് ഈ മേഖലയിലാണ്.
നിയമം വന്നാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവർ നിയമലംഘനത്തിന്‍റെ പേരില്‍ കുറ്റവാളികളാകും. കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ മേഖല നിയമം കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.
നിയമം പാസാകുന്നതോടെ സംസ്ഥാനത്തിന്‍റെ മത്സ്യസമ്പത്തിനും കാര്യമായ ഇടിവുണ്ടാകും. കേന്ദ്രത്തിന്‍റെ പെര്‍മിറ്റില്‍ ഒരുവിധ മറയുമില്ലാതെ വന്‍കിട ട്രോളറുകള്‍ക്ക് മത്സ്യം വാരാനും കഴിയും. നിലവിൽ 12 നോട്ടിക്കല്‍ മൈല്‍വരെ മീന്‍പിടിക്കാൻ പെര്‍മിറ്റ് നല്‍കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. കരുതൽ നിയമം വരുന്നതോടെ കടലില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം നഷ്ടമാകും. നിയമത്തിന്‍റെ കരട് രൂപം കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചുകൊടുത്തിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.
ഇത് മുഖവിലക്കെടുക്കാതെ നിയമം പാസാക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് കേന്ദ്രം. നിയമം വന്നാൽ ജീവിതം തന്നെ ഇല്ലാതാകുമെന്നും മുരാരി കമീഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണമെന്നും മത്സ്യത്തൊഴിലാളി സംഘടനകളും മത്സ്യത്തൊഴിലാളികളും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു. ഡോ. പി. മുരാരി അധ്യക്ഷനായ 41 അംഗ കമ്മിറ്റിയെ 1995 ലാണ് മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചത്. സമിതി 96 സെപ്റ്റംബറില്‍തന്നെ റിപ്പോര്‍ട്ടും നല്‍കി.
97ല്‍ ദേവഗൗഡ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടികളിലേക്ക് നീങ്ങിയെങ്കിലും പിന്നാലെ വന്ന വാജ്പേയി സർക്കാർ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. പകരം ഡോ. മീനാകുമാരി അധ്യക്ഷയായ സമിതിയെ നിയോഗിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പൂര്‍ണമായും നിയമമായി നടപ്പാക്കാൻ കേന്ദ്രം തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.