Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ണെണ്ണ...

മണ്ണെണ്ണ വാങ്ങിമുടിഞ്ഞ് മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
മണ്ണെണ്ണ വാങ്ങിമുടിഞ്ഞ് മത്സ്യത്തൊഴിലാളികൾ
cancel
Listen to this Article

കോഴിക്കോട്: കരിഞ്ചന്തയിൽ വൻവിലക്ക് മണ്ണെണ്ണ വാങ്ങി മുടിഞ്ഞ് മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും വില കൂട്ടിയതുമാണ് മത്സ്യമേഖലയെയാകെ വറുതിയിലാക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ മണ്ണെണ്ണ വില ഇരട്ടിയായാണ് വർധിപ്പിച്ചത്. ഈ വർഷം ജനുവരിയിൽ 42 രൂപയുണ്ടായിരുന്ന മണ്ണെണ്ണക്ക് ഇപ്പോൾ 81 രൂപയാണ് ഈടാക്കുന്നത്. പൊതു വിപണിയിൽ 126 രൂപയാണ് മണ്ണെണ്ണ വില.

മതിയായ മണ്ണെണ്ണ ലഭിക്കാത്തതോടെ പൊതുവിപണിയിൽനിന്ന് ഉയർന്ന വിലക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകുന്നത് വലിയ നഷ്ടമാണെന്നാണ് തൊഴിലാളികൾ പറയുന്നത്.

1986 മുതലാണ് കേരളത്തിലെ ഒ.എം.ബി എൻജിൻ ഉപയോഗിക്കുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചത്. ആദ്യഘട്ടത്തിൽ മാസത്തിൽ 350 ലിറ്റർവരെ മണ്ണെണ്ണയാണ് അനുവദിച്ചിരുന്നത്. ഇതിന് പൊതു വിതരണ ശൃംഖലയിലെ മണ്ണെണ്ണയുടെ വിലയാണ് ഈടാക്കിയത്. പിന്നീട് കൂടുതൽ ശേഷിയുള്ള എൻജിനുകൾ വിപണിയിലെത്തിയതോടെ മണ്ണെണ്ണ പെർമിറ്റ് 600 ലിറ്റർവരെയായി വർധിപ്പിക്കുകയും ചെയ്തിരുന്നു.

കേന്ദ്രസർക്കാർ കാർഷിക, ഗാർഹിക ആവശ്യത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ ഒരുഭാഗമാണ് സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്നത്. മത്സ്യബന്ധനത്തിനായി പ്രത്യേക ക്വോട്ട അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടുമില്ല.

കേന്ദ്രം മണ്ണെണ്ണ വിഹിതം കുറച്ചതോടെയാണ് മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതത്തിൽ കുറവുണ്ടായത്. അടുത്തകാലത്തായി 129 ലിറ്റർ വരെയാണ് പരമാവധി മണ്ണെണ്ണ ലഭിച്ചത്. ഇപ്പോഴത്തെ എൻജിനുകളുടെ കപ്പാസിറ്റിയനുസരിച്ച് 600 ലിറ്റർ കിട്ടിയാൽപോലും തികയാത്ത അവസ്ഥയാണുള്ളത്.

മത്സ്യഫെഡ് ഏജൻസികളിൽനിന്ന് വാങ്ങി പരമാവധി 140 ലിറ്റർ വരെ മണ്ണെണ്ണ അനുവദിക്കുമ്പോൾ 25 രൂപ തോതിൽ സബ്സിഡി നൽകുന്നുണ്ട്. എന്നാൽ, സബ്സിഡി കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

സംസ്ഥാനത്ത് പെർമിറ്റുള്ള 14,332 എൻജിനുകളാണുള്ളത്. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിലകുറക്കുകയും വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ തൊഴിലാളികൾക്ക് അൽപമെങ്കിലും പിടിച്ചുനിൽക്കാനാവൂ എന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കൂട്ടായി ബഷീർ പറഞ്ഞു. അതേസമയം, പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് പെർമിറ്റ് അടിസ്ഥാനത്തിൽ ഭക്ഷ്യവിതരണ വകുപ്പിൽനിന്നുള്ള മണ്ണെണ്ണ വിതരണം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.

മന്ത്രി ജി. അനിലും ഡീലർമാരും തമ്മിലുള്ള ചർച്ചയിൽ മണ്ണെണ്ണയുടെ സ്റ്റോക്കെടുക്കാൻ ധാരണയായിരുന്നു. രാജ്യാന്തര വിപണിയിൽ വില കുറയാൻ ഇടയുണ്ടെന്ന് ഡീലർമാർ നൽകിയ മുന്നറിയിപ്പ് പരിഗണിച്ചാകും മണ്ണെണ്ണ കേന്ദ്രത്തിൽനിന്ന് വാങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenhike in rate
News Summary - Fishermen distressed kerosene price hike
Next Story