സ്വരംമാറ്റി മന്ത്രിമാർ; എരിതീയിൽ എണ്ണയായി കലാപാഹ്വാനക്കേസ്
text_fieldsതിരുവനന്തപുരം: സർക്കാറിനും ലത്തീൻ സഭക്കുമിടയിൽ രൂപപ്പെട്ട പോർമുഖത്തേക്ക് എരിതീയിൽ എണ്ണയായി വികാരി ജനറൽ യൂജിൻ പെരേക്കെതിരെ രജിസ്റ്റർ ചെയ്ത കലാപാഹ്വാനക്കേസ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ശൈലി മാറ്റി മന്ത്രിമാർ ഒരടി പിന്നാക്കം പോയി സംയമനപാത സ്വീകരിച്ചെങ്കിലും അതിനെയെല്ലാം മറികടക്കുന്ന പ്രത്യക്ഷ ആക്രമണമായി പുരോഹിതനെതിരായ കേസ്. സ്വമേധയാ എടുത്ത കേസാണെന്ന് മന്ത്രി ആന്റണി രാജുവും പൊലീസും അവകാശപ്പെടുന്നുണ്ടെങ്കിലും മന്ത്രി ശിവൻകുട്ടി കഴിഞ്ഞ ദിവസം ആരോപിച്ച കാര്യങ്ങളാണ് എഫ്.ഐ.ആറിൽ അതേപടിയുള്ളത്. അതുകൊണ്ടുതന്നെ ആസൂത്രിത നീക്കമാണെന്നാണ് സഭയുടെയും നിലപാട്. ഇക്കാര്യം തുറന്നു പറഞ്ഞ് ഫാ.യൂജിൻ പെരേര തന്നെ രംഗത്തെത്തിയും സഭ നിലപാട് കൂർപ്പിക്കുന്നുവെന്നത് അടിവരയിടുന്നു.
വസ്തുതകൾ പറയുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ ആസൂത്രിതമായി നിശ്ശബ്ദമാക്കുന്നതിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള കേസെന്നാണ് യൂജിൻ പെരേരയുടെ ആരോപണം. ‘‘മന്ത്രി മന്ദിരത്തിൽ മടങ്ങിയെത്തിയ ശേഷമുള്ള തിരക്കഥയാണ് തനിക്കെതിരെയുള്ള നീക്കം. സംസാരിക്കുന്നവരെ നിർവീര്യമാക്കുക എന്ന സമീപനത്തിന്റെ ഭാഗംതന്നെയാണിത്. കേസിനെയൊന്നും താൻ പേടിക്കുന്നില്ലെ’’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം സമരത്തെ തുടർന്ന് വൈദികർക്കെതിരെയടക്കം 187 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. സമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകളാകട്ടെ ഒന്നും നടപ്പാക്കാത്തതിന്റെ സ്വഭാവിക പ്രതിഷേധങ്ങൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ നീറിക്കത്തുന്നതിനിടെയാണ് മുതലപ്പൊഴിയുടെ പേരിലെ ഏറ്റുമുട്ടലെന്നതിനാൽ നിലപാട് മയപ്പെടുത്തേണ്ടെന്ന് തന്നെയാണ് സഭയുടെ തീരുമാനം. അതേസമയം, കഴിഞ്ഞ ദിവസം രൂക്ഷപ്രതികരണത്തിന് മുതിർന്ന മന്ത്രി വി. ശിവൻകുട്ടി ചൊവ്വാഴ്ച പ്രതികരണത്തിന് മുതിർന്നില്ല. മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായ ആന്റണി രാജുവാകട്ടെ പ്രതിഷേധങ്ങൾക്കും അനിഷ്ടസംഭവങ്ങൾക്കും പിന്നിൽ കോൺഗ്രസാണെന്ന് വരുത്തിതീർക്കാനുള്ള പരിശ്രമമാണ് നടത്തിയത്. ‘‘തീരദേശത്ത് കോൺഗ്രസിനുണ്ടായ അപചയത്തിലും പരാജയത്തിലും അവർക്ക് അങ്കലാപ്പുണ്ടെന്നും ദുരന്തങ്ങളുണ്ടാകുമ്പോൾ അതിനെ വിറ്റ് കാശാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നുമാണ് ആന്റണി രാജുവിന്റെ കുറ്റപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.