മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 44 ദിവസം; ആന്ത്രോത്തിൽ പ്രതിഷേധം ശക്തമാകുന്നു
text_fieldsകൊച്ചി: ലക്ഷദ്വീപിലെ ആന്ത്രോത്തിൽനിന്ന് മത്സ്യബന്ധനത്തിനുപോയ നാല് തൊഴിലാളികളെ കാണാതായി 44 ദിവസം പിന്നിടുമ്പോഴും അന്വേഷണ പുരോഗതിയില്ല. ജൂലൈ 21ന് കടലിൽ പോയ തൈലത്ത് ഹംസ, പണ്ടാരം ഷാഹിദ്, കോളിക്കാട് അൻവർ, ബിത്ത്നാട് ഹസൻ എന്നിവരെക്കുറിച്ചാണ് ഇനിയും വിവരമില്ലാത്തത്. സാങ്കേതികത്വത്തിെൻറ പേരുപറഞ്ഞ് വിവിധ സേന വിഭാഗങ്ങൾ അന്വേഷണം അവസാനിപ്പിച്ചതിനുപിന്നാലെ ദ്വീപ് ഭരണകൂടവും നിസ്സംഗത തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമായി.
ഒറ്റത്തടി വള്ളത്തിലാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ദ്വീപിനോട് ചേർന്ന കടലിൽമാത്രമാണ് ഇത്തരം വള്ളങ്ങളിൽ മത്സ്യബന്ധനം നടത്താറുള്ളത്. അടിയൊഴുക്കിൽ വള്ളം അപകടത്തിൽപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നാവിക സേന, കോസ്റ്റ് ഗാർഡ്, ലക്ഷദ്വീപ് കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. നിശ്ചിത ദൂരത്തിനപ്പുറം പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അധികം വൈകാതെ തിരച്ചിൽ അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ വല ലഭിച്ചതല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല.
നാല് കുടുംബങ്ങൾ അനാഥമായ സംഭവത്തിൽ അന്വേഷണ പുരോഗതിയോ സഹായധനമോ സംബന്ധിച്ച് ദ്വീപ് ഭരണകൂടത്തിെൻറ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ദ്വീപിൽ പ്രതിഷേധം ശക്തമാകുമ്പോഴും എം.പിയോ ദ്വീപ് അഡ്മിനിസ്ട്രേറ്ററോ വിഷയത്തിൽ ഇടപെട്ടിട്ടില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.ടി. നിജാമുദ്ദീനും കവരത്തി സെക്രട്ടറി സൈതലി ബിരിയക്കലും ആരംഭിച്ച നിരാഹാര സമരം ആറുദിവസം പിന്നിടുകയാണ്.
സമരത്തിനുമുമ്പ് നൽകിയ നിവേദനംപോലും ഗൗരവത്തിലെടുക്കാതെയാണ് ദ്വീപ് ഭരണകൂടം പെരുമാറിയതെന്ന് സി.ടി. നിജാമുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കാണാതായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, അടുത്ത കുടുംബാംഗത്തിന് സർക്കാർ ജോലി എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.