മത്സ്യത്തൊഴിലാളി പെൻഷൻ ബെനിഫിറ്റ് സ്കീമിന് ശിപാർശ
text_fieldsബേപ്പൂർ: 60 വയസ്സ് കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിനോടൊപ്പം അവർ അടച്ച അംശാദായം ഒന്നിച്ച് തിരിച്ചുനൽകാനുള്ള പദ്ധതിയുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്. തൊഴിലാളികൾ അതുവരെ അടച്ച മുഴുവൻ പണവും പെൻഷനാകുന്ന കാലത്ത് ഒന്നിച്ച് തിരികെ ലഭിക്കുന്ന ‘പെൻഷൻ ബെനിഫിറ്റ് സ്കീം’ പദ്ധതി നടപ്പാക്കാൻ സർക്കാറിലേക്ക് ശിപാർശ സമർപ്പിച്ചു.
വർഷങ്ങളായി പണം അടക്കുന്നവർക്ക് 60 പൂർത്തിയാകുമ്പോൾ സർക്കാർ പെൻഷൻ തുകയായി 1600 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിനൊപ്പം അതുവരെ അടച്ച അംശാദായവും കൂടി നൽകുന്നത് മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാകും. നിലവിൽ ക്ഷേമനിധി ബോർഡിന് ഫണ്ടില്ലാത്തതിനാൽ സർക്കാറിന്റെ സഹായം വേണ്ടിവരും. അതിനാലാണ് സർക്കാറിലേക്ക് ശിപാർശ നൽകിയത്.
ക്ഷേമനിധിയിലൂടെ ലഭിക്കുന്ന പണത്തിനെക്കാൾ ഏറെ ചെലവാണ് ബോർഡിന് നിലവിലുള്ളത്. ഒരു മത്സ്യത്തൊഴിലാളിയിൽനിന്ന് 100 രൂപ അംശാദായം വാങ്ങുമ്പോൾ 450 രൂപ ഇൻഷുറൻസ് കമ്പനിക്ക് നൽകണം. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെയുള്ള അംഗങ്ങളുടെ പട്ടിക കണ്ടെത്തി ജീവിച്ചിരിക്കുന്ന എല്ലാവർക്കും തുക നൽകുകയാണ് ലക്ഷ്യം. 2024 മാർച്ച് വരെയുള്ള കണക്കുപ്രകാരം 2,40,000 പരമ്പരാഗത മത്സ്യത്തൊഴിലാളികളും 80,000 മത്സ്യ അനുബന്ധ തൊഴിലാളികളുമാണ് പദ്ധതിയിലുള്ളത്. 1986ലാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിച്ചത്. തുടക്കത്തിൽ 30 രൂപയായിരുന്നു അംശാദായം. 2008 മുതൽ 2023 വരെ 100 രൂപയായിരുന്നത് 2024 ആഗസ്റ്റിൽ 300 രൂപയാക്കി വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.