മത്സ്യബന്ധന ബോട്ടുകൾ ഇൻഷുറൻസ് വലക്ക് പുറത്ത്
text_fieldsകൊച്ചി: കപ്പലുമായി കൂട്ടിയിടിക്കുന്ന അപകടങ്ങൾ പെരുകുേമ്പാഴും സംസ്ഥാനത്തെ ഭൂരിഭാഗം മത്സ്യബന്ധന ബോട്ടുകളും ഇൻഷുറൻസ് പരിരക്ഷക്ക് പുറത്ത്. അപകടകരമായ തൊഴിലിൽ ഏർപ്പെടുന്ന വിഭാഗമായിട്ടും 85 ശതമാനം ബോട്ടുകൾക്കും ഇൻഷുറൻസ് സംരക്ഷണമില്ല. അതുകൊണ്ടുതന്നെ അപകടങ്ങളിൽപെടുന്ന ബോട്ടിനോ മത്സ്യത്തൊഴിലാളികൾക്കോ നഷ്ടപരിഹാരം കിട്ടാറുമില്ല.
ഭാരിച്ച പ്രീമിയം തുകയാണ് ഇൻഷുറൻസ് എടുക്കുന്നതിൽനിന്ന് ബോട്ടുടമകളെ പിന്തിരിപ്പിക്കുന്നത്. ഒരു ബോട്ടിന് 80 ലക്ഷം മുതൽ ഒരുകോടി രൂപ വരെയാണ് വില. ഇതിെൻറ പത്ത് ശതമാനം തുകയാണ് ഇൻഷുറൻസ് കമ്പനികൾ ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാവാത്തതാണെന്ന് ബോട്ടുടമകൾ പറയുന്നു. അപകടസാധ്യത കൂടുതലുള്ള മേഖലയായതിനാൽ പ്രീമിയം കുറച്ച് കൂടുതൽ ബോട്ടുകൾക്ക് പരിരക്ഷ ഉറപ്പാക്കാൻ കമ്പനികൾക്കും താൽപര്യമില്ല.
ആറുമാസത്തിനിടെ മത്സ്യബന്ധന ബോട്ടും കപ്പലും കൂട്ടിയിടിച്ച അപകടങ്ങളിൽ 17 പേരാണ് മരിച്ചത്. എന്നാൽ, ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ ഇതിൽ 15 പേരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കിട്ടിയില്ല. രണ്ട് കുടുംബങ്ങൾക്ക് ബോട്ടുടമയിൽനിന്നാണ് സാമ്പത്തിക സഹായം ലഭിച്ചത്. അപകടങ്ങളിൽ പലപ്പോഴും ബോട്ടുകൾ പൂർണമായി തകരുകയോ വീണ്ടെടുക്കാനാവാത്തവിധം മുങ്ങുകയോ ആണ് പതിവ്. അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാനുള്ള ചെലവ് ഭീമമായതിനാൽ ബോട്ടുകൾ സ്ക്രാപ് വിലക്ക് വിൽക്കാൻ ഉടമകൾ നിർബന്ധിതരാകും. പ്രീമിയം കുറക്കാൻ ഇൻഷുറൻസ് കമ്പനികളുമായി കേന്ദ്ര-, സംസ്ഥാന സർക്കാറുകൾ ചർച്ച നടത്തണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം.
മത്സ്യബന്ധന ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നതിന് ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടില്ല. അഞ്ചുവർഷം മുമ്പുവരെ പ്രീമിയത്തിെൻറ നിശ്ചിത ശതമാനം സർക്കാർ അടക്കുമായിരുന്നു. പല ബോട്ടുകളും ഇൻഷുറൻസ് എടുക്കാൻ താൽപര്യം കാണിക്കാത്തതിനാൽ ഇൗ സംവിധാനം നിർത്തുകയായിരുന്നെന്ന് മത്സ്യവകുപ്പ് അധികൃതർ പറയുന്നു. അമിത ചൂഷണം തടയാൻ മത്സ്യലഭ്യതക്കാനുപാതികമായി ബോട്ടുകളുടെ എണ്ണം സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. ഇത് മറികടന്ന് മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളാണ് രജിസ്ട്രേഷനും ഇൻഷുറൻസും എടുക്കാൻ മടിക്കുന്നതെന്നാണ് അധികൃതരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.