മീൻപിടുത്ത ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥൻ വേണം, സി.സി.ടി.വി സ്ഥാപിക്കണം; ലക്ഷദ്വീപിൽ വീണ്ടും വിചിത്ര ഉത്തരവുകൾ
text_fieldsകൊച്ചി: മത്സ്യബന്ധന ബോട്ടുകളിൽ പരിശോധനക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ലക്ഷദ്വീപ് ഭരണകൂടത്തിെൻറ നടപടിയിൽ വ്യാപക വിമർശനം. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ദ്വീപുവാസികൾ ആരോപിച്ചു.
ദ്വീപിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും മത്സ്യബന്ധന ബോട്ടുകളിൽ പരിശോധന കർശനമാക്കാനും തീരുമാനങ്ങളുണ്ട്. ദ്വീപുവാസികളിലേറെയും മീൻപിടിത്ത തൊഴിലാളികളായിരിക്കെ ഇവരെയും നിരീക്ഷിക്കും. കപ്പലുകൾ നങ്കൂരമിടുന്നിടത്തും ഹെലിപാഡുകളിലും ഇൻറലിജൻസ് ഓഫിസർമാരെത്തും. ഷിപ്യാർഡുകളിൽ സി.സി ടി.വി സ്ഥാപിക്കാനും തീരുമാനമുണ്ട്. കൊച്ചിയിലെ ലക്ഷദ്വീപ് ഓഫിസിനുമുന്നിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ബോട്ടുകളിലുൾപ്പെടെ ഇൻറലിജൻസ് ഓഫിസർമാരെ നിയമിക്കുന്നത് തങ്ങളെ കുഴപ്പക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് ജനം വിമർശിക്കുന്നു. എന്തൊക്കെ തടസ്സങ്ങൾ സൃഷ്ടിച്ചാലും പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
അതിനിടെ, കോവിഡ് പശ്ചാത്തലത്തിൽ ശുചിത്വനടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഉത്തരവിറങ്ങിയിട്ടുണ്ട്. മാലിന്യസംസ്കരണത്തിൽ ദ്വീപുവാസികൾ കോവിഡുകാലത്തും അലംഭാവം കാണിക്കുെന്നന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ആളുകളെ കേസിൽപെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു. നാളികേര കർഷകർ ഓലകളും മറ്റും സൂക്ഷിക്കുന്ന സ്ഥലങ്ങൾ പൊതുസ്ഥലങ്ങളാണെന്നു പറഞ്ഞ് നടപടിയെടുക്കുമെന്ന് ഭയപ്പെടുന്നതായും അവർ പറഞ്ഞു. അതേസമയം, മാലിന്യസംസ്കരണത്തിന് ദ്വീപുകളിൽ മതിയായ സംവിധാനങ്ങളൊരുക്കാൻ അഡ്മിനിസ്ട്രേഷൻ തയാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ദ്വീപിലെ വിവാദ നടപടികൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത നിരാഹാര സമരം തിങ്കളാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.