മീൻപിടിത്ത യാനങ്ങൾ എൽ.പി.ജിയിലേക്ക്
text_fieldsബേപ്പൂർ (കോഴിക്കോട്): സംസ്ഥാനത്തെ പരമ്പരാഗത മീൻപിടിത്ത യാനങ്ങൾ മണ്ണെണ്ണയിൽനിന്നുമാറി ഇനി എൽ.പി.ജി സംവിധാനത്തിൽ കുതിക്കും. പ്രാരംഭഘട്ടത്തിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്ക് 'എൽ.പി.ജി കൺവർഷൻ' സുരക്ഷ കിറ്റ് കൈമാറും. ആധുനിക സാങ്കേതിക വിദ്യയായ എൽ.ഒ.ടി (ലൈൻ ഔട്ട്പുട്ട് ട്രാൻസ്ഫോർമർ) ടെക്നോളജിയിലാണ് എൻജിനുകൾ പ്രവർത്തിക്കുക. ഇതിൽ ലിക്വിഫൈഡ് പെട്രോളിയത്തെ നേരിട്ട് ഗ്യാസാക്കി മാറ്റുന്നതിനാൽ ഇന്ധനം പൂർണമായി ഉപയോഗിക്കാനാകും.
കേന്ദ്രസർക്കാറിന്റെ സുരക്ഷ മാനദണ്ഡം പാലിച്ചുള്ള കിറ്റാണ് മത്സ്യഫെഡ് മുഖേന നൽകുന്നത്. 9.9 എച്ച്.പി എൻജിനുകൾക്കാവശ്യമായ സുരക്ഷാകിറ്റുകൾക്ക് 80,000 രൂപയാണ് വില. 25 എച്ച്.പിക്ക് 90,000 രൂപയും 40 എച്ച്.പിക്ക് 1,05,000 രൂപയുമാണ്. എൽ.പി.ജി സംവിധാനത്തിൽ പ്രവർത്തിക്കുന്ന എൻജിന് വാർഷിക അറ്റകുറ്റപ്പണി സൗജന്യമായിരിക്കും. എൽ.പി.ജിയിലേക്ക് മാറുന്നതിന് മുന്നോടിയായി മത്സ്യത്തൊഴിലാളികൾക്ക് എണ്ണക്കമ്പനികൾ പരിശീലന ക്ലാസ് ആരംഭിച്ചു. ഗ്യാസ് ഉപയോഗിക്കുന്നതിലൂടെ ഇന്ധന ചാർജിൽ വലിയ തുക ലാഭിക്കാനാകുമെന്നതാണ് പ്രത്യേകത.
മണ്ണെണ്ണയോ പെട്രോളോ ഉപയോഗിക്കുന്ന 1.9 എച്ച്.പി എൻജിൻ ആറുമണിക്കൂർ പ്രവർത്തിക്കാൻ 700 രൂപ ചെലവുവരും. എന്നാൽ, എൽ.പി.ജി യിലാകട്ടെ 340 രൂപ മതി. അതിനാൽ, പ്രതിമാസം 50,000 രൂപ ഇന്ധന ചെലവിനത്തിൽ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് 14,332 ഔട്ട്ബോർഡ് യാനങ്ങൾക്കാണ് മണ്ണെണ്ണ പെർമിറ്റുള്ളത്. കോഴിക്കോട് ജില്ലയിൽ 2000ത്തോളം യാനങ്ങൾക്കാണ് പുതുതായി മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചത്. കാരിയർ വള്ളങ്ങൾക്ക് ദിവസം ശരാശരി 150 ലിറ്റർ മണ്ണെണ്ണ വേണം. ലിറ്ററിന് 120-125 രൂപക്കാണ് നിലവിൽ മത്സ്യഫെഡ് മണ്ണെണ്ണ നൽകുന്നത്. സംസ്ഥാന സർക്കാർ ലിറ്ററിന് 25 രൂപ സബ്സിഡി നൽകുന്നുണ്ടെങ്കിലും യഥാസമയം മണ്ണെണ്ണ സബ്സിഡി തുക ലഭിക്കാത്തതിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്.
ഘട്ടംഘട്ടമായി മണ്ണെണ്ണ എൻജിനുകൾ ഗ്യാസിലേക്ക് മാറ്റാനാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. രണ്ടുവർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാനാണ് ശ്രമം. ലഭ്യതക്കുറവും വിലവർധനയും പാരിസ്ഥിതിക ആഘാതവും കാരണം മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.