ഹാജരാക്കിയത് 10563 സ്കൂൾ വാഹനങ്ങൾ, ഫിറ്റ്നസ് 9116 എണ്ണത്തിന്: ഇനി ഹാജരാക്കാനുള്ളത് 10237 വാഹനങ്ങൾ
text_fieldsതിരുവനന്തപുരം: സ്കൂൾ തുറക്കലിന്റെ ഭാഗമായി സംസ്ഥാനത്താകെ 10563 സ്കൂൾ വാഹനങ്ങൾ പരിശോധനക്ക് ഹാജരാക്കുകയും 9116 എണ്ണത്തിന് ഫിറ്റ്നസ് നൽകുകയും ചെയ്തതായി മോട്ടോർ വാഹനവകുപ്പ്. 1447 വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടു. പോരായ്മ പരിഹരിച്ച് ഇവ പരിശോധനക്ക് ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. 10237 വാഹനങ്ങൾ ഇനി പരിശോധിക്കാനുണ്ട്. സംസ്ഥാനത്താകെ 20771 സ്കൂൾ വാഹനങ്ങളാണുള്ളത്.
സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടുണ്ടെന്ന് ഗതാഗത കമീഷണർ എസ്. ശ്രീജിത്ത് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും സ്കൂൾ ബസുകളുടെ പരിശോധന പൂർത്തിയാക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന സംസ്ഥാനത്ത് പൂർത്തിയായിവരികയാണ്. രക്ഷാകർത്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക കുട്ടികളുടെ യാത്രയിലാണ്. ഈ ആശങ്ക പരിഹരിക്കാൻ സുരക്ഷാമിത്ര പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ സ്കൂൾ വാഹനങ്ങളിലും വെഹിക്കിൾ ലോക്കേഷൻ ട്രാക്കിങ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നതിനും അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം കണ്ടെത്തി അടിയന്തര സഹായമെത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം. പാനിക് ബട്ടൺ അലർട്ടിലൂടെ അടിയന്തര ഘട്ടങ്ങളിൽ കുട്ടികൾക്കുതന്നെ കൺട്രോൾ റൂമിന്റെ സഹായം തേടാവുന്ന രീതി താമസം കൂടാതെ നടപ്പാക്കും. കൂടാതെ, അമിതവേഗം നിയന്ത്രിക്കുന്നതിന് എല്ലാ സ്കൂൾ വാഹനങ്ങളിലും സ്പീഡ് ഗവേണർ നിർബന്ധമാക്കിയിട്ടുണ്ട്. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പ്രവൃത്തി പരിചയം നിർബന്ധമാക്കുകയും സ്വഭാവഗുണം ഉറപ്പുവരുത്തുകയും യൂനിഫോം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വാഹനങ്ങൾക്ക് 'ഓൺ സ്കൂൾ ഡ്യൂട്ടി' ബോർഡ് നിർബന്ധം
സ്കൂൾ വാഹനങ്ങളിലല്ലാതെ മറ്റ് വാഹനങ്ങളിൽ സ്കൂളിലേക്കെത്തുന്ന വിദ്യാർഥികളുടെ സുരക്ഷക്കാവശ്യമായ ക്രമീകരണവും മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. അത്തരം വാഹനങ്ങളെ തിരിച്ചറിയുന്നതിനായി വാഹനത്തിന്റെ മുന്നിലും പിന്നിലും 'ഓൺ സ്കൂൾ ഡ്യൂട്ടി' ബോർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഓട്ടോകളിൽ ഒരു സമയം മൂന്ന് കുട്ടികൾ മാത്രമേ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.