സ്ഫോടക വസ്തു പിടികൂടിയ കേസ്: തടിയന്റവിട നസീർ അടക്കം അഞ്ച് പ്രതികളെ വെറുതെ വിട്ടു
text_fieldsകൊച്ചി: കണ്ണൂർ ചെമ്പിലോട് വീട്ടുവളപ്പിൽനിന്ന് അമോണിയം നൈട്രേറ്റ് പിടികൂടിയെന്ന് ആരോപിച്ച് 2009ൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.
ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീർ, കെ.കെ. ഷറഫുദ്ദീൻ, റഈസ് അടയത്ത്, ആർ.എം. അഫ്സൽ, ഫൈറൂസ് എന്നിവരെയാണ് പ്രതിചേർത്തിരുന്നത്. പ്രതികളെ കേസുമായി ബന്ധിപ്പിക്കാൻ തെളിവൊന്നുമില്ലെന്നും ജുഡീഷ്യറിയുടെ സമയം നഷ്ടമാക്കുന്ന കേസാണിതെന്നും നിരീക്ഷിച്ചാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് മുഴുവൻ പ്രതികളെയും വിട്ടയച്ചത്.
2009ൽ അഫ്സലും ഷറഫുദ്ദീനും ചില സ്ഫോടക വസ്തുക്കൾ മറ്റൊരാൾക്ക് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് 2009 ഡിസംബർ 10ന് പൊലീസ് അഫ്സലിന്റെ ബന്ധുവായ ആമിനയുടെ വീട്ടിൽ പരിശോധന നടത്തി. അവിടെ വീടിന് മുകളിൽനിന്ന് അമോണിയം നൈട്രേറ്റ് മണക്കുന്ന നനഞ്ഞ ടീഷർട്ട് അടങ്ങിയ ജീർണിച്ച പെട്ടി പിടികൂടി. പിന്നീട് ആമിനയെ ചോദ്യം ചെയ്തപ്പോൾ അഫ്സലും ഷറഫുദ്ദീനും ഉപ്പ് പോലുള്ള എന്തോ ബാഗിലാക്കി ഫൈറൂസിന് കൊടുത്തുവെന്നും അഫ്സൽ ഗൾഫിൽ പോയതോടെ ബാഗിലുള്ളത് ഉരുകാൻ തുടങ്ങിയതോട് ഇത് കുഴിച്ചിട്ടെന്നും ബാഗ് കത്തിച്ചെന്നും ആമിന മൊഴി നൽകി.
ബാഗ് കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇവിടെ നിന്ന് അമോണിയം നൈട്രേറ്റ് കണ്ടെത്തിയതായി ആരോപിച്ച് പൊലീസ് നസീർ അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയായിരുന്നു. വിചാരണ നടക്കുന്നതിന് മുമ്പായി കേസ് രേഖകൾ സ്വമേധയാ പരിശോധിച്ച കോടതി കുഞ്ഞാമിനയുടെ മൊഴിയല്ലാതെ മറ്റൊന്നും കേസിലില്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിടുകയായിരുന്നു. കുഞ്ഞാമിന അല്ലാതെ കുടുംബത്തിലെ മറ്റാരെയും കേസിൽ പ്രതിയാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളുമായി ബന്ധിപ്പിക്കാവുന്ന ഇത്തരം കേസുകളുമായി മുന്നോട്ടുപോകുന്നത് കോടതിയുടെ സമയം പാഴാക്കലാണെന്നും വിലയിരുത്തി.
തെളിവുകൾ പ്രഥമദൃഷ്ട്യാ കേസ് രജിസ്റ്റർ ചെയ്യാൻപോലും കഴിയുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.