ജോലി തേടിപ്പോയ അഞ്ചുതെങ്ങ് സ്വദേശികൾ റഷ്യയിൽ യുദ്ധമുഖത്ത്; ഒരാൾക്ക് ഗുരുതരപരിക്ക്
text_fieldsആറ്റിങ്ങൽ: തൊഴിൽതേടിപ്പോയ അഞ്ചുതെങ്ങ് സ്വദേശികൾ റഷ്യയിൽ യുദ്ധമുഖത്ത്. ഒരാൾക്ക് മൈൻ സ്ഫോടനത്തിൽ ഗുരുതര പരിക്ക്. അഞ്ചുതെങ്ങ് കുരിശ്ശടി സ്വദേശികളാണ് റഷ്യയിൽ കുടുങ്ങിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കുരിശ്ശടി മുക്കിന് സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ-നിർമല ദമ്പതികളുടെ മകൻ പ്രിൻസ് (24), പനിയടിമ-ബിന്ദു ദമ്പതികളുടെ മകൻ ടിനു (25), സിൽവ-പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് റഷ്യയിലുള്ളത്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് മുഖേനയാണ് ഇവർ റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയിരുന്നു. റഷ്യയിലെത്തിയ ഇവർ ആദ്യ ആഴ്ചയിൽ വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെടിരുന്നു.
തുടർന്ന് ഇവരിൽനിന്ന് എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങുകയും മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്തെന്നാണ് വിവരം. ഇവരുടെ മൊബൈൽ ഫോണുകളും മറ്റ് രേഖകളും വാങ്ങിവെച്ചു. 15 ദിവസത്തോളം പരിശീലനം നൽകി. ഇതിനുശേഷം പ്രിൻസിനെയും വിനീതിനെയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു ക്യാമ്പിലേക്കും മാറ്റി. ഇതിനിടെ യുദ്ധമുഖത്തുവെച്ച് പ്രിൻസിന് വെടിയേറ്റും മൈൻ പൊട്ടിയും പരിക്കേറ്റെന്നാണ് അറിയുന്നത്. ചികിത്സയിലിരിക്കെ ഫോൺ ലഭ്യമായപ്പോഴാണ് പ്രിൻസ് വീട്ടിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചത്.
റഷ്യയിലെത്തിക്കുന്ന ഉദ്യോഗാർഥികളിൽനിന്ന് ഏജന്റുമാർ നിർബന്ധപൂർവം പാസ്പോർട്ട് പിടിച്ചുവാങ്ങി യുദ്ധമുഖത്തേക്ക് അയക്കുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസി ഓഫിസുകൾ സി.ബി.ഐ റെയ്ഡ് ചെയ്തിരുന്നു.
റഷ്യൻ സർക്കാറിൽ ഹെൽപർ, സെക്യൂരിറ്റി ഓഫിസർ തുടങ്ങിയ ജോലികളാണ് വാഗ്ദാനം ചെയ്തത്. ഒരുവർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനൽകി.
1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് റികൃൂട്ട്മെന്റ് നടത്തിയിരിക്കുന്നത്. അഞ്ചുതെങ്ങിൽനിന്ന് റഷ്യയിലെത്തിയ മൂന്നുപേരും ബന്ധുക്കളാണ്. ഇവരെ നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.