പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ച് സി.പി.എം നേതാക്കൾ അറസ്റ്റിൽ
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു സി.പി.എമ്മുകാർ അറസ്റ്റിൽ. കല്യോട്ട് എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു, കല്യോട്ട് സുരേന്ദ്രൻ എന്ന വിഷ്ണു സുര (47), ശാസ്ത മധു (40), എച്ചിലടുക്കത്തെ റജി വർഗീസ് (44), എച്ചിലടുക്കത്തെ ഹരിപ്രസാദ് (31) എന്നിവരെയാണ് സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2019 ഫെബ്രുവരി 17നായിരുന്നു സംഭവം.
ചോദ്യം ചെയ്യലിനായി സി.ബി.ഐ പ്രത്യേക ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനുമുമ്പ് പല ദിവസങ്ങളിലായി സി.ബി.ഐ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇന്ന് എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരാക്കും. ഇതോടെ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ എണ്ണം 19 ആയി വർധിച്ചു. ഇനിയും അറസ്റ്റുണ്ടാകുമെന്ന സൂചന നൽകിയ സി.ബി.ഐ, ഉന്നത സി.പി.എം നേതാക്കളിലേക്കാണ് വിരൽചൂണ്ടുന്നത്.
കുറ്റപത്രം സമർപ്പിക്കാൻ ഏതാനും ദിവസം മാത്രം ബാക്കിനിൽക്കെയാണ് അഞ്ച് സി.പി.എമ്മുകാരുടെ അറസ്റ്റ്. അറസ്റ്റിലായ അഞ്ചുപേരും ഗൂഢാലോചനയിൽ പങ്കാളികളാണ് എന്നാണ് സി.ബി.ഐ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സാക്ഷികളാക്കപ്പെട്ടവരാണ് അഞ്ചുപേരും. കൊല നടന്ന സ്ഥലത്തും കൃത്യം നിർവഹിക്കുന്നതിനും ഇവർ അഞ്ചുപേരും ഉണ്ടായിരുന്നുവെന്നാണ് സി.ബി.ഐ കേന്ദ്രങ്ങൾ പറയുന്നത്. ശാസ്ത മധുവാണ് പ്രതികൾക്ക് കൊലനടത്താനും രക്ഷപ്പെടാനുമുള്ള വാഹനങ്ങൾ നൽകിയത്. ഇവരുടെ കുടുംബത്തിെൻറ നിരവധി വാഹനങ്ങൾ സംഭവശേഷം ഒളിപ്പിച്ചിടത്തുനിന്നും ക്രൈം ബ്രാഞ്ച്് കണ്ടെത്തിയിരുന്നു. എന്നാൽ, ഇയാളെ ക്രൈംബ്രാഞ്ച് പ്രതിയാക്കിയില്ല. മധുവിെൻറ ജ്യേഷ്ഠൻ ശാസ്ത ഗംഗാധരന് കൊലയിൽ പങ്കുള്ളതായി കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, ഗംഗാധരെൻറ മകൻ ഗിജിനെ മാത്രമാണ് പ്രതിയാക്കിയത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഗിജിൻ ഇപ്പോൾ ജയിലിലാണ്.
എച്ചിലടുക്കം ബ്രാഞ്ച് െസക്രട്ടറി രാജു, ഗൂഢാലോചനക്കുപുറമെ കൃത്യത്തിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് സി.ബി.ഐ നിഗമനം. കഴിഞ്ഞ സമ്മേളനത്തിലാണ് ബ്രാഞ്ച് സെക്രട്ടറിയായത്. ഇലക്ട്രീഷ്യനായ റജിയുടെ കടയിൽ നിന്നും കൊടുത്ത എർത്ത് പൈപ്പ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് സി.ബി.ഐ കണ്ടെത്തി. കൃപേഷിനെയും ശരത്ലാലിനെയും വധിക്കാനുള്ള എ. പീതാംബരെൻറ നീക്കങ്ങൾക്ക് തുടക്കം മുതൽ പിന്തുണച്ചയാളാണ് ഹരിപ്രസാദ്. കൃത്യം നടത്തിയില്ലെങ്കിൽ പാർട്ടിയിൽനിന്നും രാജിവെക്കുമെന്ന് സൂചിപ്പിച്ച് കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ്മോഹന് പീതാംബരനുവേണ്ടി രാജിക്കത്ത് എഴുതിനൽകിയത് ഹരിപ്രസാദാണ്. 2019ന് രാത്രി 7.35ന് കൊല നടക്കുന്നതിനുമുമ്പ് വൈകീട്ട് 5.45ന് വിഷ്ണു സുര ഒന്നാം പ്രതി പീതാംബരനുമായി സംസാരിച്ചിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തി. ഹൈകോടതിയിൽ സമർപ്പിച്ച ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ സാക്ഷികളാണ് ഹരിപ്രസാദും റജിയും. ഇവരെ പ്രതികളാക്കാത്തതിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.