റെഡ് അലർട്ടിൽ അഞ്ച് അണക്കെട്ടുകൾ; വെള്ളം തുറന്നുവിടുന്നതിൽ തമിഴ്നാടുമായി ഏകോപനം
text_fieldsതിരുവനന്തപുരം: കാലവർഷം കനത്തതോടെ സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകൾ റെഡ് അലർട്ടിൽ ഉൾപ്പെടുത്തി. കെ.എസ്.ഇ.ബി നിയന്ത്രണത്തിലുള്ള കല്ലാർകുട്ടി, പൊന്മുടി, കണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളാണ് റെഡ് അലർട്ടിൽ ഉൾപ്പെടുത്തിയത്. ബോർഡിന്‍റെ നിയന്ത്രണത്തിലെ പെരിങ്ങൽകുത്ത് അണക്കെട്ട് ഓറഞ്ച് അലർട്ടിലാണ്. ഇവിടെനിന്ന് തിങ്കളാഴ്ച മാത്രം നൂറ് കുമക്സ് വെള്ളം തുറന്നുവിട്ടു. നിലവിൽ 20 അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നുണ്ട്.
ഇതിൽ 14 അണക്കെട്ടുകൾ ജലസേചന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ളതാണ്. അതേസമയം വേലിയേറ്റവും വേലിയിറക്കവും മനസ്സിലാക്കി അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടണമെന്ന് വിദഗ്ധർ സർക്കാറിനോട് ആവശ്യപ്പെട്ടു.
2018ലെ മഹാപ്രളയത്തിന് സമാനമായി അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നത് താഴ്ന്ന പ്രദേശങ്ങൾ മുങ്ങാൻ ഇടയാക്കുമെന്ന് സന്നദ്ധ സംഘടനയായ 'ഇക്യുനോക്ട്' ചൂണ്ടിക്കാട്ടി. നദീതടതല യോഗം വിളിച്ച് വേലിയേറ്റവും വേലിയിറക്കവും മനസ്സിലാക്കണം. കേരളത്തിലെ നദികളിലേക്ക് വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്നാട് സർക്കാറുമായി ഏകോപനമുണ്ടായില്ലെങ്കിൽ അപകട സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപവത്കരിച്ച സംയുക്ത ജല നിയന്ത്രണ ബോർഡ് വെള്ളം തുറന്നുവിടുന്നതുൾപ്പെടെ അവലോകനം ചെയ്യുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.