ന്യൂനമർദം തീവ്ര ന്യൂനമർദമായി; കേരളത്തിൽ അഞ്ചുദിവസം ശക്തമായ മഴ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.
മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം തീവ്രന്യൂനമർമായി മാറിയതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതുമാണ് മഴ തുടരാൻ കാരണം. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
കോഴിക്കോട്ട് മണ്ണെടുക്കലിന് നിരോധനം; രാത്രി യാത്രക്ക് അനുമതിയില്ല
മഴ തുടരുന്നതിനാൽ തിരുവമ്പാടി പഞ്ചായത്തിലെ വിനോദസഞ്ചാരങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. ഇന്നലെ കോഴിക്കോട് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ് നിർത്തിവെച്ചത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്നുമായിരുന്നു ഉത്തരവ്.
വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് അലർട്ടുകൾ പിൻവലിക്കും വരെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണം. മലയോരമേഖലയിൽ താമസിക്കുന്നവരെ അപകടാവസ്ഥ മുന്നിൽകണ്ട് ആവശ്യം വരുന്ന പക്ഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കണമെന്നും കലക്ടർ അറിയിച്ചു.
പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ച് നീക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിഹാരമാർഗങ്ങൾ ഉറപ്പാക്കണം. മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയെന്നും ഡ്രെയിനേജുകൾ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കിയെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.