വാനര വസൂരി: അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം, 16 പേർ സമ്പർക്കപ്പട്ടികയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചു ജില്ലകൾക്ക് ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിർദേശം. രോഗി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ അടിസ്ഥാനപ്പെടുത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് മുന്നറിയിപ്പ്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ ദിവസവും രാവിലെയും വൈകീട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണിൽ വിളിച്ച് വിവരങ്ങള്‍ ആരായും. പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണമോ ഉണ്ടെങ്കില്‍ കോവിഡ് പരിശോധനയടക്കം നടത്തും.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി. എല്ലാ ജില്ലയിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളിൽ പ്രത്യേക സൗകര്യമൊരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സംസ്ഥാന തലത്തില്‍ മോണിറ്ററിങ് സെല്‍ രൂപവത്കരിക്കും. എല്ലാ ജില്ലക്കും മാർഗരേഖ തയാറാക്കി നല്‍കും. മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് യാത്രക്കാരുള്ളതിനാൽ വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കാനും നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 16 പേർ
രോഗബാധിതന്‍റെ പിതാവ്, മാതാവ്, ഓട്ടോ ഡ്രൈവര്‍, ടാക്‌സി ഡ്രൈവര്‍, സ്വകാര്യ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാര്‍ എന്നിവരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉദ്യോഗസ്ഥരെയും ബാഗേജ് കൈകാര്യം ചെയ്തവരെയും നിരീക്ഷിക്കുന്നുണ്ട്. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പി.പി.ഇ കിറ്റ് ഇടാതെ സമീപിക്കുക എന്നിവയാണ് പ്രാഥമിക സമ്പർക്കമായി പരിഗണിക്കുന്നത്. ജൂലൈ 12ന് വൈകീട്ട് അഞ്ചിന് ഷാര്‍ജ- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6 ഇ 1402, സീറ്റ് നമ്പര്‍: 30 സി) രോഗി എത്തിയത്. വിമാനത്തില്‍ 164 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായിരുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷിക്കുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം.
സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.