വെടിമരുന്ന് ഷെഡിന് തീപിടിച്ച് അഞ്ചുപേർക്ക് പരിക്ക്
text_fieldsപൂച്ചാക്കൽ: പാണാവള്ളി നാൽപത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്ന് സൂക്ഷിച്ച ഷെഡിന് തീപിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മറ്റത്തിൽ തിലകൻ (55), 17ാം വാർഡ് വാലുമ്മേൽ രാജേഷ് (45 ) എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിൽ സപ്താഹം നടക്കുന്നതിന് മുന്നോടിയായി അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്നവർക്കാണ് അപകടം സംഭവിച്ചത്. പെയിന്റിങ്, വെൽഡിങ് ജോലികളാണ് ക്ഷേത്രത്തിൽ നടന്നിരുന്നത്. വെൽഡിങ്ങിൽനിന്നുള്ള തീ തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. കരിമരുന്ന് നിറച്ചുവെച്ച കതിനകളിലേക്ക് തീപടർന്നതാണ് അപകടത്തിന്റെ രൂക്ഷത വർധിപ്പിച്ചത്. മേൽക്കൂരകൾ തകരുകയും ഭിത്തികൾ പൊളിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്.
അരൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും ബ്ലോക്ക് ദുരന്ത കർമസേനയും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ 17 ാംവാർഡ് വാലുമ്മേൽ വിഷ്ണു (28), വന്ദനം തറമേൽ ധനപാലൻ (55), മറ്റത്തിൽ അനിൽ കുമാർ എന്നിവർ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.