പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
text_fieldsകല്ലടിക്കോട്: കല്ലടിക്കോട്ട് കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അഞ്ചു യുവാക്കൾക്ക് നാട് കണ്ണീരോടെ വിടനൽകി. കോങ്ങാട് മണ്ണാംതറ തോട്ടത്തിൽ വിഷ്ണു (28), കോങ്ങാട് മണ്ണാംതറ കീഴ്മുറി വിജേഷ് (34), കോങ്ങാട് വീണ്ടപ്പാറ രമേശ് (31), കോങ്ങാട് മണിക്കശ്ശേരി പേഴുങ്കര വീട്ടിൽ അഫ്സൽ (17), കാരാകുർശ്ശി മാങ്കുർശ്ശി കൊയ്യക്കാട്ടിൽ മഹേഷ് (18) എന്നിവരാണ് മരിച്ചത്. കോങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വെച്ചു. പൊരിവെയിലത്തും മണിക്കൂറുകളോളം വരിനിന്ന് ഒരുനോക്ക് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. പരസ്പരം സമാശ്വസിപ്പിക്കാൻ പ്രയാസപ്പെട്ട് നാട്ടുകാർ വിങ്ങിപ്പൊട്ടി.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. വാടകക്കെടുത്ത കാറിൽ കോങ്ങാട്ടുനിന്ന് വന്നവരാണ് അപകടത്തിൽപെട്ടത്. ശക്തമായ മഴയിൽ തെന്നി നിയന്ത്രണംവിട്ട കാർ ലോറിയിലിടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട്ട് ഭാഗത്തുനിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് മരിച്ച അഞ്ചുപേരെയും പുറത്തെടുത്തത്.
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടസ്ഥലത്തുനിന്ന് ഒരാളുടെ തിരിച്ചറിയൽ കാർഡ് ലഭിച്ചതാണ് മരിച്ചത് കോങ്ങാട് സ്വദേശികളാണെന്ന് മനസ്സിലാക്കാൻ സഹായകമായത്.
വിഷ്ണുവും വിജേഷും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. അവിവാഹിതനായ വിഷ്ണുവിന്റെ പിതാവ്: വിജയൻ. മാതാവ്: ജാനകി. സഹോദരി: വർഷ.
ഗോപിയുടെ മകനാണ് വിജേഷ് കൃഷ്ണൻ. മാതാവ്: ഓമന. ഭാര്യ: കാവ്യ കൃഷ്ണൻ. മകൾ: വിദ്യ കൃഷ്ണൻ (എൽ.കെ.ജി വിദ്യാർഥി). സഹോദരങ്ങൾ: വിനു, ബിന്ദു, ബീന.
കൂലിപ്പണിക്കാരനായ രമേശ് അവിവാഹിതനാണ്. സഹോദരങ്ങൾ: സുമേഷ്, സുഭാഷ്. വിദ്യാർഥിയായ അഫ്സലിന്റെ മാതാവ്: പാത്തുമ്മക്കുട്ടി. കൂലിപ്പണിക്കാരനായ മഹേഷ് മനോജിന്റെ മകനാണ്.
അഫ്സലിന്റെ മൃതദേഹം കോങ്ങാട് കൊട്ടശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിഷ്ണു, വിജേഷ്, രമേശ്, മഹേഷ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.