ഷഹല ഷെറിൻെറ കുടുംബത്തിന് അഞ്ചു ലക്ഷം നൽകണം –മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: സുൽത്താൻ ബത്തേരി പുത്തൽകുന്ന് ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് ഉത്തരവ് നൽകിയത്. മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും മെഡിക്കൽ ഓഫിസർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചശേഷം കമീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
കേസന്വേഷണം ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് പൂർത്തിയാക്കി കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വയനാട് ജില്ല പൊലീസ് മേധാവിക്കും നിർദേശം നൽകി. കേസിലെ നാലാം പ്രതിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കുന്നതിന് മെഡിക്കൽ ബോർഡ് കൂടി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണം.
കോവിഡ് കാരണം മെഡിക്കൽ ബോർഡ് രൂപവത്കരിച്ചില്ലെന്ന ആരോഗ്യ വകുപ്പിെൻറ വാദം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കമീഷൻ വിലയിരുത്തി. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുള്ളതായി വ്യക്തമായതായി ജില്ല കലക്ടർ കമീഷനെ അറിയിച്ചിരുന്നു. സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ചകൊണ്ടാണ് ബാലികയുടെ ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ടുകളിൽനിന്നു മനസ്സിലാക്കുന്നതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകരായ യു.എ. അജ്മൽ സാജിദ്, അഡ്വ. ശ്രീജിത്ത് പെരുമന, മുജീബ് റഹ്മാൻ, ഡോ. ഗിന്നസ് മാടസാമി, അഡ്വ. ദേവദാസ്, റഹിം പന്തളം എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.