ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലെത്തിക്കും, ബസിലും കാറിലുമായി കേരളത്തിലേക്ക്; എം.ഡി.എം.എയുമായി അഞ്ചംഗ സംഘം അങ്കമാലിയിൽ പിടിയിൽ
text_fieldsഅങ്കമാലി: 400 ഗ്രാം എം.ഡി.എം.എ കാറിൽ കടത്തുകയായിരുന്ന അഞ്ചംഗ സംഘം അങ്കമാലിയിൽ പൊലീസ് പിടിയിൽ. കണ്ണൂർ നാറാത്ത് തറമേൽ വീട്ടില്‍ മുനീഷ് (27), സൗത്ത് വാഴക്കുളം താഴത്താൻ വീട്ടില്‍ അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പരവൂർ കൊല്ലപ്പറമ്പിൽ വീട്ടില്‍ ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ വീട്ടില്‍ മുഹമ്മദ് അൻസാർ (26), പുക്കാട്ടുപടി മലയിടം തുരുത്ത് താഴത്ത് പറമ്പിൽ വീട്ടില്‍ അസ്രത്ത് (20) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ടി.ബി ജങ്ഷനിൽ കാത്തുനിന്ന പൊലീസ് സംഘം നാടകീയമായി കാർ പിടികൂടിയെങ്കിലും 634 മില്ലിഗ്രാം എം.ഡി.എം.എയും, മൂന്നു പേരെയുമാണ് പിടികൂടാനായത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലും, അന്വേഷണത്തിലുമാണ് സ്കൂട്ടറിൽ സൂക്ഷിച്ച 400 ഗ്രാമോളം മയക്കുമരുന്നും രണ്ട് പേരെയും പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂർവരെ ബസിലാണ് മയക്കുമരുന്ന് എത്തിച്ചത്. അവിടെ നിന്ന് മൂന്ന് പേർ കാറിലും ഒരാൾ ബസിലും കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. കാറിൽ എത്തിയ സംഘത്തെ പൊലീസ് പിടികൂടിയെന്നറിഞ്ഞതോടെ ബസിൽ വരുകയായിരുന്ന മുനീഷ് സുഹൃത്ത് അസ്രത്തിന്‍റെ സ്ക്കൂട്ടറിൽ കയറിയാണത്രെ രക്ഷപ്പെട്ടത്. തുടർന്ന് ഇവരെയും ആലുവ കുന്നത്തേരി ഭാഗത്തു നിന്നും നാടകീയമായി പൊലീസ് പിടികൂടുകയായിരുന്നു.
മയക്കുമരുന്ന് വാങ്ങാൻ ആദ്യം ഡൽഹിയിലാണ് പോയതെന്നും, അവിടെ നിന്ന് ലഭിക്കാതെ വന്നതോടെയാണ് ബംഗളൂരുവിലെത്തി എം.ഡി.എം.എ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻകുട്ടി, പി.പി. ഷംസ്, അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അക്ബർ സാദത്ത്, എ.എസ്.ഐ റജിമോൻ എസ്.സി.പി.ഒമാരായ ഷിബിൻ, അജിത തിലകൻ, അലി, ഡിസ്ടിക് ആന്‍റി നർക്കോട്ടിക്ക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് ആർക്കാണ് കൊണ്ടുവന്നതെന്നുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വരുകയാണെന്നും എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.