അങ്കക്കളത്തിൽ അഞ്ച് എം.എൽ.എമാർ
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ എൽ.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ചതോടെ എം.പിയാകാൻ അങ്കക്കളത്തിലുള്ളത് മന്ത്രിയടക്കം അഞ്ച് എം.എൽ.എമാർ.
ഇതോടെ ഇവർ പ്രതിനിധാനംചെയ്യുന്ന വർക്കല, കൊല്ലം, ചേലക്കര, പാലക്കാട്, മട്ടന്നൂർ നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത വന്നു. വടകര ലോക്സഭ മണ്ഡലത്തിൽ മട്ടന്നൂർ, പാലക്കാട് എം.എൽ.എമാർ തമ്മിലാണ് പ്രധാന മത്സരമെന്നതിനാൽ ഒരിടത്ത് ഉപതെരഞ്ഞെടുപ്പുറപ്പാണ്.
എം.എൽ.എമാർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ രണ്ടു മുന്നണികളെയും പിന്നിലാക്കി എൻ.ഡി.എ സ്ഥാനാർഥികൾ ജയിക്കുന്ന സാഹചര്യമുണ്ടായാൽ ചിത്രം മാറും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത്തരത്തിലൊരു മാറ്റമുണ്ടാവില്ലെന്നുറപ്പാണ്.
ആറ്റിങ്ങൽ, കൊല്ലം, ആലത്തൂർ, വടകര എന്നിവിടങ്ങളിൽ എൽ.ഡി.എഫും വടകരയിൽ യു.ഡി.എഫുമാണ് എം.എൽ.എയെ രംഗത്തിറക്കിയത്. ഷാഫി 3,859 വോട്ടിന്റെയും മുകേഷ് 2,072 വോട്ടിന്റെയും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ജയിച്ചത് എന്നതിനാൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ പാലക്കാട് നിയമസഭ സീറ്റ് കോൺഗ്രസിനും കൊല്ലം സീറ്റ് സി.പി.എമ്മിനും നിലനിർത്തുക കനത്ത വെല്ലുവിളിയാണ്. അതേസമയം ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ ജയിക്കുന്നപക്ഷം സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണിയും വന്നേക്കും. കേരളത്തിൽനിന്നുള്ള രാജ്യസഭ അംഗവും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം എൽ.ഡി.എഫിനായി കോഴിക്കോട്ടും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗവും എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ യു.ഡി.എഫിനായി ആലപ്പുഴയിലും മത്സരിക്കുന്നുണ്ട്.
ഇതിൽ എളമരം കരീമിന് രാജ്യസഭയിൽ രണ്ടുമാസം കൂടിയേ കാലാവധിയുള്ളൂ. എന്നാൽ, കെ.സി. വേണുഗോപാലിന് രണ്ടുവർഷം കൂടി കാലാവധിയുണ്ട്. ഇതോടെ വേണുഗോപാൽ ആലപ്പുഴയിൽ ജയിച്ചാൽ പകരം രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് പോവുക ബി.ജെ.പി പ്രതിനിധിയാവും എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
കോൺഗ്രസ് പ്രതിനിധിയെ ജയിപ്പിക്കാൻമാത്രം എം.എൽ.എമാരുടെ പിന്തുണ നിലവിൽ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിനില്ല എന്നതും രാജ്യസഭയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമേയുള്ളൂ എന്നതും ചൂണ്ടിക്കാട്ടി സി.പി.എമ്മാണ് വിമർശനം ഉന്നയിക്കുന്നത്.
കെ.കെ. ശൈലജ
വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ മട്ടന്നൂർ എം.എൽ.എയാണ്. ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെയാണ് മുൻ ആരോഗ്യമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുംകൂടിയായ ശൈലജയുടെ മത്സരം. നിയമസഭ തെരഞ്ഞെടുപ്പിൽ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആർ.എസ്.പിയിലെ ഇല്ലിക്കൽ അഗസ്തിയെയാണ് ശൈലജ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ ബിജു ഏളക്കുഴി 18,223 വോട്ടാണ് അന്ന് നേടിയത്.
അഡ്വ. വി. ജോയ്
ആറ്റിങ്ങലിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി. ജോയ് വർക്കല എം.എൽ.എയാണ്. സിറ്റിങ് എം.പി അടൂർ പ്രകാശിനെതിരെയാണ് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറികൂടിയായ ജോയിയുടെ മത്സരം. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബി.ആർ.എം. ഷെരീഫിനെ 17,821 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ് പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ ബി.ഡി.ജെ.എസിലെ എസ്. അജി 11,214 വോട്ടാണ് അന്ന് നേടിയത്.
മുകേഷ്
കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ് കൊല്ലം എം.എൽ.എയാണ്. സിറ്റിങ് എം.പി എൻ.കെ. പ്രേമചന്ദ്രനെതിരെയാണ് നടനും സംഗീതനാടക അക്കാദമി മുൻ ചെയർമാനുമായ മുകേഷിന്റെ മത്സരം. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. ബിന്ദു കൃഷ്ണയെ 2,072 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ എം. സുനിൽ 14,252 വോട്ടാണ് അന്ന് നേടിയത്.
കെ. രാധാകൃഷ്ണൻ
ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ ചേലക്കര എം.എൽ.എയും പട്ടികജാതി/വർഗ ക്ഷേമ, ദേവസ്വം മന്ത്രിയുമാണ്. സിറ്റിങ് എം.പി. രമ്യ ഹരിദാസിനെതിരെയാണ് രാധാകൃഷ്ണന്റെ മത്സരം. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.സി. ശ്രീകുമാറിനെ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ ഷാജുമോൻ വട്ടേക്കാടിന് 24,045 വോട്ടാണ് അന്ന് ലഭിച്ചത്.
ഷാഫി പറമ്പിൽ
വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പാലക്കാട് എം.എൽ.എയാണ്. കെ.കെ. ശൈലജ എം.എൽ.എക്കെതിരെയാണ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫിയുടെ മത്സരം. നിയമസഭ തെരഞ്ഞെടുപ്പിൽ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയിലെ ഇ. ശ്രീധരനെയാണ് ഷാഫി പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ സി.പി.എമ്മിലെ അഡ്വ. സി.പി. പ്രമോദ് 36,433 വോട്ടാണ് അന്ന് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.