ഹജ്ജിന് ഇനി അഞ്ചുമാസം; അപേക്ഷ എന്ന് സ്വീകരിക്കും?
text_fieldsകരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് മാസങ്ങൾ മാത്രമേയുള്ളൂവെങ്കിലും പ്രാരംഭ നടപടിപോലും ആരംഭിക്കാതെ കേന്ദ്ര ഹജ്ജ് കമ്മിറ്റി. ജൂൺ അവസാനമാണ് ഇക്കുറി ഹജ്ജ് വരുന്നത്. ഇതുവരെ അപേക്ഷ സ്വീകരിക്കുന്ന നടപടിപോലും ആരംഭിച്ചിട്ടില്ല.
മേയ് പകുതിയോടെയെങ്കിലും വിമാന സർവിസുകൾ ആരംഭിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി വിമാനക്കമ്പനികളിൽനിന്ന് ടെൻഡർ സ്വീകരിക്കണം. ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസുകളും കുത്തിവെപ്പുകളുമെല്ലാം നൽകേണ്ടതുണ്ട്.
ഈ നടപടികളിലേക്കെല്ലാം കടക്കണമെങ്കിൽ ഹജ്ജിന് അപേക്ഷ സ്വീകരിക്കൽ ആരംഭിക്കണം. അവസരം ലഭിക്കുന്നവർക്ക് പണം സംഘടിപ്പിക്കാനും മാനസികമായി തയാറാകുന്നതിനുമുള്ള സമയവും ലഭിക്കേണ്ടതുണ്ട്. നടപടികൾ നീണ്ടതോടെ ഹജ്ജിന് അപേക്ഷിക്കാൻ കാത്തിരിക്കുന്നവരും ആശങ്കയിലാണ്.
പുതിയ ഹജ്ജ് നയത്തിന് കേന്ദ്ര അംഗീകാരം വൈകുന്നതാണ് അപേക്ഷ സ്വീകരിക്കൽ നീളാൻ കാരണമായി പറയുന്നത്. കരട് നയം തയാറായി അംഗീകാരത്തിന് കേന്ദ്രത്തിന് കൈമാറിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
അതിനിടെ, നടപടികൾ നീണ്ടതോടെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയെ കാണുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി സമയം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലായി അപേക്ഷ സ്വീകരിക്കുന്ന നടപടി ആരംഭിച്ചാലും വേഗത്തിൽ പൂർത്തീകരിക്കേണ്ടിവരും.
ഇക്കുറി 1.75 ലക്ഷം തീർഥാടകർക്കാണ് സൗദി അറേബ്യ അനുമതി നൽകിയത്. ഇതിൽ 1.25 ലക്ഷം പേരും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയാണ് പുറപ്പെടുക. കഴിഞ്ഞ തവണ ജൂലൈ ഒമ്പതിനായിരുന്നു ഹജ്ജ്.
ഇതിന് മേയ് 31 മുതൽ വിമാന സർവിസുകൾ ആരംഭിച്ചിരുന്നു. 40 മുതൽ 43 ദിവസം വരെയാണ് ഹജ്ജ് തീർഥാടനത്തിന് സമയം നൽകുന്നത്. ജൂലൈ 14 മുതൽ മടക്ക സർവിസുകളും തുടങ്ങി. ഇക്കുറി നടപടികൾ അനന്തമായി നീളുമ്പോഴും ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മാത്രമാണ് വിഷയത്തിൽ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.