മുല്ലപ്പെരിയാർ: ആറ് സ്പിൽവേ ഷട്ടറുകളിൽ അഞ്ച് എണ്ണവും അടച്ചു
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ജലം ഇടുക്കിയിലേക്ക് ഒഴുക്കാൻ തുറന്ന ആറ് സ്പിൽവേ ഷട്ടറുകളിൽ അഞ്ച് എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടർ 20 സെൻ്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.
ഇതു വഴി ഇടുക്കിയിലേക്ക് സെക്കൻ്റിൽ 158 ഘന അടി ജലം മാത്രമാണ് ഒഴുകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഇടുക്കി ജലസംഭരണിയിലേക്ക് ആറ് ഷട്ടറുകൾ വഴി ജലം തുറന്നു വിട്ടത്.
മഴയുടെ ശക്തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകൾ അടക്കാൻ കാരണം. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ നിയോഗിച്ച ഉപസമിതി ചൊവ്വാഴ്ച സന്ദർശനം നടത്തി. ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഹരികുമാർ, പ്രസീദ്, സാം ഇർവിൻ, കുമാർ എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്.
പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിൽ നിന്നും ജലം ഒഴുക്കുന്ന വി-3 ഷട്ടർ എന്നിവ ഉപസമിതി നിരീക്ഷിച്ചു. അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് സെക്കൻ്റിൽ 2305 ഘനഅടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്. അണക്കെട്ടിലേക്ക് സെക്കൻ്റിൽ 2758.15 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്.
ഉപസമിതി സന്ദർശനത്തിനു ശേഷം യോഗം ചേരാതെയാണ് സന്ദർശനം അവസാനിച്ചത്. സന്ദർശനം സംബന്ധിച്ച വിലയിരുത്തലുകൾക്കായി രണ്ടു ദിവസത്തിനു ശേഷം ഓൺലൈനിൽ യോഗം ചേരുമെന്ന് കേരള അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.