ആരാധനാലയങ്ങളിൽ അഞ്ചുപേർ: കലക്ടറുടെ ഉത്തരവ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ലീഗ്
text_fieldsമലപ്പുറം: ആരാധനാലയങ്ങളിൽ അഞ്ചുപേർ മാത്രമേ പാടുള്ളൂവെന്ന് നിർദേശിച്ച് മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ ഏകപക്ഷീയമായി ഇറക്കിയ വിവാദ ഉത്തരവ് തിങ്കളാഴ്ച നടക്കുന്ന സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചു. മതസംഘടനകളോടും ജനപ്രതിനിധികളോടും ആലോചിക്കാതെ എടുത്ത തീരുമാനം മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് കലക്ടർ ഉത്തരവായി ഇറക്കിയതെന്നാണ് മനസ്സിലാവുന്നത്. എല്ലാവരുടെയും സമ്മതത്തോടെയാണ് തീരുമാനമെടുത്തതെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചത് ഈ സാഹചര്യത്തിലാണ്.
മതനേതാക്കേളാടും ജനപ്രതിനിധികളോടും ആലോചിക്കാതെ സ്വന്തം നിലയിൽ ഉത്തരവിറക്കുകയും പ്രതിഷേധമുയർന്നപ്പോൾ വീഴ്ച അവരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയും ചെയ്തത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥെൻറ ഭാഗത്തുനിന്നുണ്ടാവാൻ പാടില്ലാത്ത സമീപനമാണ്. യോഗത്തിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുതിർന്ന നേതാവ് കെ.പി.എ മജീദ് എന്നിവർ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് ഉത്തരവ് സംബന്ധിച്ച വാർത്ത പുറത്തുവന്നത്. മതനേതാക്കളും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് തീരുമാനം മരവിപ്പിക്കാൻ കലക്ടർ നിർബന്ധിതനായത്. മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ ശ്രമിച്ചപ്പോഴാണ് മുസ്‌ലിം നേതൃത്വം സംയുക്തമായി പ്രതിഷേധിച്ചത്.
ജിഫ്രി മുത്തുകോയ തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ (സമസ്ത കേരള ജംഇയ്യതുൽ ഉലമ), യു. മുഹമ്മദ് ശാഫി (സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി), സലീം എടക്കര (എസ്.വൈ.എസ്), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദുറസാഖ് സഖാഫി, ഹുസൈൻ സഖാഫി (കേരള മുസ്‌ലിം ജമാഅത്ത്), എൻ.വി. അബ്ദുറഹ്മാൻ (കെ.എൻ.എം), പി. മുജീബ് റഹ്മാൻ, ശിഹാബ് പൂക്കോട്ടൂർ, എൻ.കെ. സദ്റുദ്ദീൻ (ജമാഅത്തെ ഇസ്ലാമി), ടി.കെ. അശ്റഫ് (വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ), അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ഡോ. ജാബിർ അമാനി (കെ.എൻ.എം മർകസുദ്ദഅ്വ), ഹാശിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമ ഹിന്ദ്), ഡോ. ഖാസിമുൽ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ) എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.