ഐ.എസ് ബന്ധമെന്ന് സംശയം; ആറ് പേര്‍ എന്‍.ഐ.എ പിടിയില്‍
text_fieldsകണ്ണൂര്‍: ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുള്ളവരെന്നു കരുതുന്ന ആറ് പേരെ എന്‍.ഐ.എ സംഘം യു.എ.പി.എ ചുമത്തി അറസ്റ്റ്ചെയ്തു. അഞ്ചുപേരെ പെരിങ്ങളം പഞ്ചായത്തിലെ ചൊക്ളിക്കടുത്ത മേക്കുന്ന് കനകമലയില്‍ നിന്നും ഒരാളെ കുറ്റ്യാടിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍.ഐ.എ സംഘം അറിയിച്ചു. കനകമലക്കു സമീപം അണിയറ കീഴ്മാടം മദീന മന്‍സിലില്‍ മന്‍ഷിദ് (30), കോയമ്പത്തൂര്‍ സൗത് ഉക്കാടത്തെ മസ്ജിദ് സ്ട്രീറ്റിലെ കുറ്റായികുഡൂര്‍ സ്വദേശി അബു ബഷീര്‍ (29), തൃശൂര്‍ ചേലക്കര വേങ്ങനല്ലൂരിലെ ടി. സ്വാലിഹ് മുഹമ്മദ് (26), മലപ്പുറം പൊന്‍മുണ്ടം പൂക്കാട്ടില്‍ ഹൗസില്‍ പി. സഫ്വാന്‍ (30), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ എന്‍. കെ. ജാസിം (25), റംഷാദ് (24 ) എന്നിവരെയാണ് എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. എന്‍.ഐ.എ ഐജി അനുരാഗ് രാജ് ഐ.പി.എസിന്‍െറയും മൂന്ന് ഡിവൈ.എസ്.പിമാരുടെയും നേതൃത്വത്തിലത്തെിയ സംഘമാണ് ആറ് പേരെയും പിടികൂടിയത്. കേരള, ഡല്‍ഹി, തമിഴ്നാട് പൊലീസ് ടീമുകളുടെ സഹായത്തോടെയാണ് സംഘം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച അന്വേഷണത്തിനത്തെിയത്. സ്ഫോടകവസ്തുക്കള്‍ ശേഖരിക്കുകയും ദക്ഷിണേന്ത്യയിലെ സുപ്രധാനമായ ചില വ്യക്തികളെയും സ്ഥലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ചിലര്‍ ഗൂഡാലോചന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് എന്‍.ഐ.എ കൊച്ചി ഓഫിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് യു.എ.പി.എ പ്രകാരമുള്ള കേസാണ് അറസ്റ്റിലായവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി 121, 121 എ, 122 വകുപ്പുകളും യു.എ.പി.എയുടെ 18, 18 ബി, 20, 38, 39 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി എന്‍.ഐ.എ അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
അഞ്ച് വര്‍ഷമായി ഖത്തറിലുള്ള മന്‍ഷിദ് അടുത്തിടെയാണ് നാട്ടിലത്തെിയത്. രാജ്യാന്തരബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരുടെ മൊബൈല്‍ ഫോണുകള്‍ എന്‍.ഐ.എ നിരീക്ഷിച്ചിരുന്നു. വാട്സ ്ആപ് ഉള്‍പ്പെടെയുള്ള ചില സാമൂഹിക മാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ വഴിയുള്ള ഇടപാടുകളും നിരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നിന്നുമാണ് മേക്കുന്ന് കനകമലയില്‍ രഹസ്യയോഗം ചേരുന്നുവെന്ന വിവരം ലഭിച്ചത്. യോഗത്തില്‍ സംബന്ധിക്കുന്നതിന് വടകരയില്‍ നിന്ന് പുറപ്പെട്ടവരെ രഹസ്യമായി പിന്തുടര്‍ന്നു. നാല് ഇന്നോവ കാറുകളിലായാണ് എന്‍.ഐ.എ സംഘം കനകമലയില്‍ എത്തിയത്. ലോക്കല്‍ പൊലീസിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് മലക്കു ചുറ്റും പൊലീസിനെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലയിലെ സ്വകാര്യ മൊബൈല്‍ ടവറിനു കീഴില്‍ അഞ്ച് പേരെ പിടികൂടിയത്. പിടികൂടിയവരുമായി പോകുന്നതിനിടെ തടിച്ചുകൂടിയ ജനങ്ങള്‍ സംഘത്തെ തടയാനും ശ്രമിച്ചു. പിടിയിലായവര്‍ ആരെന്നറിയുന്നതിനു വേണ്ടിയാണ് ഇവര്‍ തടഞ്ഞത്. എന്നാല്‍, പൊലീസ് ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിച്ചു.
കനകമല ചെറിയതോതില്‍ സന്ദര്‍ശകര്‍ എത്തുന്ന മലയാണ്. ഈ മലയില്‍ നിത്യചൈതന്യയതിയുടെ ആശ്രമം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മലയുടെ മിക്കവാറും ഭാഗങ്ങള്‍ കാടുമൂടിയ നിലയിലാണ്. ഐ.എസ് ബന്ധമാരോപിച്ച് രണ്ട് മാസം മുമ്പ് പുല്ലൂക്കര സലഫി മസ്ജിദില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ മസ്ജിദ് മേക്കുന്ന് കനകമലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.