കൺസെഷൻ തർക്കം: കണ്ടക്ടറെ മർദിച്ച അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകർ അറസ്റ്റിൽ
text_fieldsകൊച്ചി: കൺസെഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മഹാരാജാസ് കോളജിന് മുന്നിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകർ അറസ്റ്റിൽ. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരായ എ.ആർ. അനന്ദു, ഷിഹാബ്, അശ്വിൻ, അഫ്രീദ്, ശരവണ കുമാർ എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന ‘സാരഥി’ ബസ് കണ്ടക്ടർ തൃശൂർ നടത്തറ വല്യാടത്ത് വീട്ടിൽ ജെഫിൻ ജോയിക്കാണ് (29) മർദനമേറ്റത്.
മർദനമേറ്റ കണ്ടക്ടർ കഴിഞ്ഞദിവസം ഒരുവിദ്യാർഥിയെ മർദിച്ചിരുന്നെന്നും ഇതേപ്പറ്റി സംസാരിക്കാനെത്തിയപ്പോൾ വീണ്ടും പ്രശ്നങ്ങളുണ്ടാകുകയായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് 1.45ഓടെ മഹാരാജാസിന് മുന്നിലെത്തിയ ബസിൽ കയറിയ വിദ്യാർഥികളുടെ സംഘം കണ്ടക്ടറുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
എട്ടോളംപേർ കൂടി ആക്രമിച്ച് ബസിന് പുറത്തിറക്കിയശേഷം റോഡിലിട്ട് ചവിട്ടിയെന്നും കണ്ടക്ടർ പറഞ്ഞു. ജെഫിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടക്ടറുടെ നടുവിന് പരിക്കേറ്റിട്ടുണ്ടെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. സംഭവത്തെ തുടർന്ന് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ജൂൺ 13നാണ് സംഭവങ്ങളുടെ തുടക്കം. ബസിൽ കയറിയ എസ്.എഫ്.ഐ ഭാരവാഹിയായ വിദ്യാർഥിയുമായി കൺസെഷനെ ചൊല്ലി തർക്കമുണ്ടായതാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് കണ്ടക്ടർ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 6.20നാണ് വിദ്യാർഥി കയറിയത്. സർക്കാർ അനുവദിച്ച കൺസെഷൻ സമയം രാവിലെ ഏഴ് മുതലാണെന്നും മുഴുവൻ നിരക്കും നൽകണമെന്നും വിദ്യാർഥിയോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതിരുന്ന വിദ്യാർഥിയുമായി തർക്കമുണ്ടായി. എസ്.എഫ്.ഐ ജില്ല ഭാരവാഹിയും പെരുമ്പാവൂരിലെ കോളജ് വിദ്യാർഥിയുമായ ഷിഹാബിനാണ് അന്ന് മർദനമേറ്റത്. വിദ്യാർഥിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് കുറച്ച് ദിവസങ്ങളായി കണ്ടക്ടർ ജോലിയിൽനിന്ന് മാറിനിൽക്കുകയായിരുന്നുവെന്നും വീണ്ടും ജോലിയിൽ പ്രവേശിച്ചപ്പോഴാണ് തുടർപ്രശ്നങ്ങളുണ്ടായതെന്നും ജെഫിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.