തമിഴ്നാട്ടിലെ അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും
text_fieldsകുമളി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ജല സംഭരണിയിലേക്ക് വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ തമിഴ്നാട്ടിലെ അഞ്ച് മന്ത്രിമാർ വെള്ളിയാഴ്ച മുല്ലപ്പരിയാർ അണക്കെട്ട് സന്ദർശിക്കും. നിലവിലെ സ്ഥിതിഗതി വിലയിരുത്താനാണ് മന്ത്രിമാരുടെ സന്ദർശനം.
മുല്ലപ്പെരിയാർ അണക്കെട്ടിെൻറ ചുമതലയുള്ള തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലാവും സന്ദർശനം. സഹകരണം, റവന്യൂ, ധനം, ഭക്ഷ്യ വകുപ്പ് മന്ത്രിമാരാണ് മറ്റുള്ളവർ. തേനിയിൽ നിന്നുള്ള മൂന്ന് എം.എൽ.എമാരും മന്ത്രിമാരെ അനുഗമിക്കും. കുമളി ചെക്പോസ്റ്റ് വഴി തേക്കടിയിൽ എത്തുന്ന മന്ത്രിമാർ ബോട്ട് ലാൻഡിങ് വഴി മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പോകും.
ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടത് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ ആയുധമാക്കുന്നതിനിടെയാണ് നീണ്ട ഇടവേളക്കു ശേഷം തമിഴ്നാട് മന്ത്രിമാർ അണക്കെട്ട് സന്ദർശിക്കുന്നത്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേരള ജലവിഭവ, റവന്യൂ, കൃഷി മന്ത്രിമാർ അണക്കെട്ട് സന്ദർശിച്ചിരുന്നു.
അതേസമയം, മഴ കുറഞ്ഞതിനാൽ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു വരികയാണ്. 138.60 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.