പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ല, സ്റ്റാഫ് റൂമിൽ ഉറക്കം: അഞ്ച് അധ്യാപകരെ മലബാറിലേക്ക് സ്ഥലംമാറ്റി
text_fieldsചങ്ങനാശ്ശേരി: ജോലിയിൽ വീഴ്ച വരുത്തിയതിനും കൃത്യവിലോപം കാണിച്ചതിനും ഗവ. എച്ച്.എസ്.എസിലെ അഞ്ച് അധ്യാപകരെ സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇംഗ്ലീഷ് അധ്യാപിക നീതു ജോസഫ്, ബോട്ടണി അധ്യാപിക വി.എം. രശ്മി, കോമേഴ്സ് അധ്യാപിക ടി.ആർ. മഞ്ജു, ഹിന്ദി അധ്യാപിക എ.ആർ. ലക്ഷ്മി, ഫിസിക്സ് അധ്യാപിക ജെസി ജോസഫ് എന്നിവരെയാണ് മാറ്റിയത്.
നീതു ജോസഫിനെ വയനാട് കല്ലൂർ ഗവ. എച്ച്.എസ്.എസിലേക്കും വി.എം. രശ്മിയെ വയനാട് നീർവാരം ഗവ. എച്ച്.എസ്.എസിലേക്കും ടി.ആർ. മഞ്ജുവിനെ കണ്ണൂർ വെല്ലൂർ ഗവ. എച്ച്.എസ്.എസിലേക്കും എ.ആർ. ലക്ഷ്മിയെ വയനാട് പെരിക്കല്ലൂർ ഗവ. എച്ച്.എസ്.എസിലേക്കും ജെസി ജോസഫിനെ കോഴിക്കോട് ബേപ്പൂർ ഗവ. എച്ച്.എസ്.എസിലേക്കുമാണ് മാറ്റിയത്.
ഇവർക്കെതിരെ വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് കോട്ടയം റീജനൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) സ്കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നീതു ജോസഫ് കുട്ടികളെ ശരിയായി പഠിപ്പിക്കുന്നില്ല. സ്കൂളിന്റെ നാലുവർഷത്തെ ഫലം പരിശോധിച്ചതിൽനിന്ന് ഇംഗ്ലീഷിൽ വളരെ മോശമാണ്. കൂടുതൽ കുട്ടികൾ തോറ്റത് ഇംഗ്ലീഷിലാണ്. ഈ അധ്യാപിക പഠിപ്പിക്കുന്നതൊന്നും മനസ്സിലാകുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. സ്പെഷൽ ക്ലാസ് എടുക്കാനുള്ള നിർദേശവും അനുസരിച്ചില്ല.
പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്നും പ്രിൻസിപ്പലിനോട് പരാതി പറഞ്ഞതിനാൽ മനഃപൂർവം പരീക്ഷകളിൽ മാർക്ക് കുറക്കുകയും ചില കുട്ടികൾക്ക് അധികം മാർക്ക് നൽകുകയും ചെയ്തതായാണ് ജെസി ജോസഫിനെതിരായ പരാതി. ടി.ആർ. മഞ്ജു, രശ്മി എന്നിവർ പഠിപ്പിക്കുന്നതും മനസ്സിലാവുന്നില്ല. തങ്ങൾ തോറ്റുപോകുമെന്ന ആശങ്ക കുട്ടികൾ ആർ.ഡി.ഡിയെ അറിയിക്കുകയും ചെയ്തു.
വി.എം. രശ്മി ബോട്ടണി പ്രാക്ടിക്കൽ റെക്കോഡിൽ 81 ചിത്രം വരക്കാൻ ആവശ്യപ്പെടുകയും കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ മാനസികമായി കഷ്ടപ്പെടുത്തുകയും ചെയ്തു. പ്രിൻസിപ്പലിനെ കണ്ടപ്പോഴാണ് സിലബസ് പ്രകാരം 31 ചിത്രങ്ങൾ വരച്ചാൽ മതിയെന്ന് അറിഞ്ഞത്.
അക്കാദമിക് പ്രവർത്തനങ്ങളിൽ ഈ അധ്യാപകർ നിസ്സഹകരിക്കുന്നതായി പി.ടി.എയും എസ്.എം.സിയും അറിയിച്ചു. ഇതിൽ ചില അധ്യാപകർ സ്ഥിരമായി സ്റ്റാഫ് റൂമിലിരുന്ന് ഉറങ്ങുന്നു. ഇവർ സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് വിഘാതമായതിനാൽ സ്ഥലംമാറ്റുന്നതായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇവർക്ക് ഉടൻ ജോലിയിൽനിന്ന് വിടുതൽ നൽകാനും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.