അഞ്ചുവയസ്സുകാരന്റെ മരണം: ഭക്ഷ്യവിഷബാധയെന്ന് സംശയം
text_fieldsപരവൂർ: അഞ്ചുവയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. കോങ്ങാൽ കെങ്കേഴികംവീട്ടിൽ സജീന-മനീഷ് ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത്താണ് മരിച്ചത്.
പരവൂർ കോട്ടപ്പുറം ഗവ. എൽ.പി സ്കൂൾ വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച സ്കൂളിൽ എത്തിയ മുഹമ്മദ് സാബിത്തിന് കടുത്ത പനി ഉണ്ടായിരുന്നു. ഇതേ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കുകയും കുട്ടിയെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
പിന്നീട് ഗുരുതരാവസ്ഥയിലായ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. പൊലീസ് മൃതദേഹം പാരിപ്പള്ളിയിലെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹപരിശോധനയിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തി. കൂടുതൽ പരിശോധനക്കായി ആന്തരികാവയവങ്ങളുടെ സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കയാണ്. റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. കുട്ടിയുടെ ബന്ധുകളിൽ ചിലരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വീട്ടിൽ തലേദിവസം പാകം ചെയ്ത ചിക്കൻകറി വീട്ടുകാരെല്ലാം കഴിച്ചിരുന്നതായി പറയുന്നു. ചികിത്സയിലുള്ള മറ്റൊരു കുട്ടിയുടെ സാമ്പ്ൾ പരിശോധനയിൽ ഷിഗല്ല വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പരവൂർ പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക്കും ഫുഡ് സേഫ്റ്റി അധികൃതരും വീടും പരിസരവും പരിശോധിച്ച് അന്വേഷണം നടത്തിവരുന്നു. വിശദമായ അന്വേഷണത്തിലൂടെയേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.