തദ്ദേശ സ്ഥാപനങ്ങളിൽ 'പങ്കാളിത്ത' നിർദേശങ്ങളുമായി പഞ്ചവത്സര പദ്ധതി മാർഗരേഖ
text_fieldsതൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ ധന-വിഭവ സമാഹരണ വിനിയോഗ രീതികളിൽ 'പങ്കാളിത്ത' നിർദേശവുമായി 14ാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതികൾ തയാറാക്കാനുള്ള മാർഗരേഖ. വിവിധ പ്രവൃത്തികളുടെ നിർവഹണം അക്രഡിറ്റഡ് ഏജൻസികളെ ഏൽപിക്കാമെന്നതും കൺസൽട്ടൻസി സേവനം ഉപയോഗപ്പെടുത്താമെന്നതും ഉൾപ്പെടെയുള്ള 'പങ്കാളിത്ത' നിർദേശങ്ങളാണ് മാർഗരേഖ പങ്കുവെക്കുന്നത്.
നവീന പ്രോജക്ടുകൾ, അവക്ക് പ്രത്യേക വിദഗ്ധ സമിതി എന്നിവ രൂപവത്കരിക്കാനും വിഭവ സമാഹരണത്തിന് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് സാധ്യത തേടാനും നിർദേശമുണ്ട് .പ്രാദേശിക വികസന പ്രശ്നങ്ങളെ വിലയിരുത്തി വേണം നവീന പദ്ധതികൾ തദ്ദേശതലത്തിൽ ആവിഷ്കരിക്കാൻ. പുതിയ പങ്കാളിത്ത മാതൃകകൾ, മൂലധന നിക്ഷേപ രീതികൾ എന്നിവ അവലംബിച്ചുള്ള വികസന പ്രോജക്ടുകളാണ് ഇത്തരത്തിൽ പരിഗണിക്കപ്പെടുക. ഇവക്ക് അനുമതി നൽകാൻ ജില്ല ആസൂത്രണ സമിതി, പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണം.
സാമൂഹിക പ്രതിബദ്ധത സ്ഥാപനങ്ങൾ വകയിരുത്തുന്ന കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ചെലവഴിക്കപ്പെടാൻ പ്രോജക്ടുകൾ തയാറാക്കാൻ പരിശ്രമിക്കണമെന്ന് മാർഗരേഖ നിർദേശിക്കുന്നു. മാർഗരേഖ പ്രകാരം അനുവദനീയമായതോ സർക്കാർ നിർദേശിക്കുന്നതോ ആയ പ്രോജക്ടുകൾ ഈ തുക ഉപയോഗിച്ച് ഏറ്റെടുക്കാം. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താതെ ഭരണസമിതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ പ്രോജക്ടുകൾ തയാറാക്കാം.പ്രത്യേക വൈദഗ്ധ്യം ആവശ്യമായ വിശദ പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കാനും ഗ്രീൻ ഫീൾഡ് പ്രോജക്ടുകൾക്കും നൂതനാശയങ്ങളിലധിഷ്ഠിമായ പ്രോജക്ടുകളുടെ നിർവഹണത്തിനും കൺസൽട്ടൻസി സേവനം ഉപയോഗപ്പെടുത്താം. ഇത്തരത്തിൽ കൺസൽട്ടൻസി സേവനം ഉപയോഗപ്പെടുത്താവുന്ന മേഖലകൾ, ഏജൻസികൾക്ക് അക്രഡിറ്റേഷൻ നൽകൽ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കാനും നിർദേശിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് വിവിധ പ്രവൃത്തികളുടെ നിർവഹണം അക്രഡിറ്റഡ് ഏജൻസികളെ (പി.എം.സി- പ്രോജക്ട് മാനേജ്മെന്‍റ് കോൺട്രാക്ട് / നോൺ പി.എം.സി) ഏൽപിക്കാം. ഇത്തരം പ്രവൃത്തികളിൽ ടെൻഡർ/ബിഡിങ് ഉൾപ്പെടെ നടപടിക്രമം പാലിക്കണം.
ജനകീയ സംഘടന സംവിധാനങ്ങളായ പി.ടി.എകൾ, എച്ച്.എം.സികൾ, പാടശേഖര സമിതികൾ, നീർത്തട സമിതികൾ, റെസിഡന്‍റ്സ് അസോസിയേഷനുകൾ മുതലായവയിലൂടെ വിഭവ സമാഹരണ സാധ്യത പ്രയോജനപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.