അഞ്ചുവർഷം; കണ്ടെത്താനാകാതെ 60 കുട്ടികൾ
text_fieldsതിരുവനന്തപുരം: ഓയൂരിൽ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ നടുക്കത്തിനിടയിലും മുൻവർഷങ്ങളിൽ കാണാതായ 60 പേരെ കുറിച്ച് ഒരു വിവരവും കണ്ടെത്താനാകാതെ പൊലീസ്. ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കനുസരിച്ച് 2018 മുതൽ 2023 മാർച്ച് ഒമ്പതു വരെ കാണാതായവരിൽ 60 കുട്ടികളെ കണ്ടെത്താനായിട്ടില്ല.
ഇതിൽ 42 ആൺകുട്ടികളും 18 പെൺകുട്ടികളുമാണ്. ഓയൂർ സംഭവത്തിനു പിന്നാലെ, സർക്കാർ പൊലീസിനെ പ്രകീർത്തിക്കുമ്പോഴാണ് കാണാതായി വർഷങ്ങളായിട്ടും യാതൊരു വിവരവും ലഭിക്കാത്ത കുട്ടികളുടെ ഞെട്ടിക്കുന്ന കണക്ക്.
സംസ്ഥാനത്ത് ഈ വർഷം സെപ്റ്റംബർ വരെ മാത്രം 115 കുട്ടികളെ തട്ടിക്കൊണ്ടുപോയതായാണ് രേഖകൾ. 2019ലാണ് കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയത്- 280. കഴിഞ്ഞ വർഷം 269 പേരെയും 2021ൽ 257 പേരെയും തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കാണാതായ കുട്ടികളിൽ ആറുപേരുടെ കേസിൽ നടപടി അവസാനിപ്പിക്കാൻ അനുമതി തേടി പൊലീസ് കോടതികൾക്ക് റിപ്പോർട്ട് നൽകി. മടങ്ങിപ്പോയ അന്തർസംസ്ഥാനത്തൊഴിലാളികളുടെ കുട്ടികളുടെ കേസുകളാണ് ഇതെന്നാണ് വിശദീകരണം.
സംസ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നു. 2016 മുതൽ 2022 വരെ വര്‍ഷങ്ങളിൽ കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021ലാണ്, 41. 2016ൽ 33, 2017ലും 2018ലും 28 വീതം, 2019ൽ 25 ഉം 2020ൽ 29 ഉം കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.