മിന്നൽ പ്രളയം: ഹിമാചലിൽ കുടുങ്ങിയവരിൽ ഡോക്ടർമാർ അടങ്ങുന്ന മലയാളി വിനോദയാത്രാ സംഘവും
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയവരിൽ മലയാളികളും. വിനോദ സഞ്ചാരികളടക്കം 51 മലയാളികൾ കുടുങ്ങി കിടക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് വിനോദയാത്രക്ക് പോയ ഡോക്ടർമാർ അടങ്ങുന്ന 27 അംഗ സംഘമാണ് മണാലിയിലും സമീപ പ്രദേശത്തുമായി കുടുങ്ങിയിട്ടുള്ളത്. സംഘത്തിൽ 17 സ്ത്രീകളും 10 പുരുഷന്മാരും ഉണ്ട്.
യാത്രാസംഘം ഡൽഹി കേരള ഹൗസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ മലയാളി സംഘത്തിന് മടങ്ങാൻ സാധിക്കുമെന്നാണ് ഡൽഹിയിലുള്ള കേരളാ പ്രതിനിധി കെ.വി തോമസ് മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.
തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 അംഗ സംഘം ഹിമാചലിൽ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ 27-ാം തീയതിയാണ് സംഘം ട്രെയിനിൽ യാത്ര തിരിച്ചത്. ആഗ്രയിൽ നിന്ന് ഡൽഹി, അമൃത്സർ, മണാലി, സ്പിറ്റിവാലി സന്ദർശനം പൂർത്തിയാക്കിയാണ് സംഘം ഗീർഗംഗയിലേക്ക് പോയത്.
ഗീർഗംഗയിൽ ഉള്ളപ്പോഴാണ് കനത്ത മഴയും മിന്നൽ പ്രളയവും ഉണ്ടാകുന്നത്. ഇന്ന് ഡൽഹി വഴി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സംഘം. ഇവിടെ കുടുങ്ങിയ യാത്രാ സംഘത്തിന് വേണ്ട ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.