എക്സൈസ് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫിസുകളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതികളും കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എക്സൈസ് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. എല്ലാ എക്സൈസ് ഡിവിഷൻ ഓഫിസുകളിലും തെരഞ്ഞെടുത്ത എക്സൈസ് സർക്കിൾ ഓഫിസുകളിലും റേഞ്ച് ഓഫിസുകളിലുമാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ “ഓപ്പറേഷൻ കോക്ടെയ്ൽ” എന്ന പേരിൽ ബുധനാഴ്ച ഉച്ചക്ക് 12.30 മുതൽ ഒരേ സമയം പരിശോധന നടത്തുന്നത്.
ഓണക്കാലത്തോടനുബന്ധിച്ച് കള്ള്ഷാപ്പ് ഉടമകളും ബാർ ഉടമകളും പരിശോധന ഒഴിവാക്കുന്നതിന് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായും ലൈസൻസ് നിബന്ധനകൾക്കും പെർമിറ്റുകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന കള്ള്ഷാപ്പുകൾക്കും ബാറുകൾക്കും ഒത്താശ ചെയ്ത് കൊടുക്കുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 14 എക്സൈസ് ഡിവിഷനുകളിലും തെരഞ്ഞെടുത്ത 16 എക്സൈസ് സർക്കിൾ ഓഫിസുകളിലും 45 റേഞ്ച് ഓഫിസുകളിലും ഉൾപ്പടെ 75ഓളം എക്സൈസ് ഓഫിസുകളിൽ പരിശോധന നടത്തുന്നത്.
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്‍റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹർഷിത അത്തല്ലൂരിന്‍റെ മേൽനോട്ടത്തിലും പൊലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിലുമാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.