മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കാത്ത ഫ്ലാറ്റുകൾ കുടുങ്ങും
text_fieldsതൊടുപുഴ: മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത ഫ്ലാറ്റുകൾക്കെതിരെ നടപടിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിന്റെ ഭാഗമായി മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന നിബന്ധന പാലിക്കാത്തതും മാനദണ്ഡങ്ങൾ പാലിക്കാതെ പ്ലാന്റ് നിർമിച്ചതുമായ ഫ്ലാറ്റുകളുടെ വിവരം ശേഖരിച്ച് തുടങ്ങി. നിയമം ലംഘിച്ച ഫ്ലാറ്റുകൾക്കെതിരെ പിഴയടക്കം കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഫ്ലാറ്റ് സമുച്ചയങ്ങളിൽ മലിനജല സംസ്കരണ പ്ലാന്റുകൾ നിർബന്ധമാണ്. പ്ലാന്റ് സ്ഥാപിക്കുമെന്ന ഉറപ്പിൽ ഫ്ലാറ്റ് നിർമാണത്തിന് അനുമതി നേടിയശേഷം ഇത് സ്ഥാപിക്കാത്തവരും നിർദിഷ്ട വ്യവസ്ഥകൾക്ക് വിരുദ്ധമായി നിർമിച്ചവരും ഉണ്ടെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. ചില നിർമാതാക്കൾ ബോർഡിന്റെ അനുമതി പോലും വാങ്ങാതെ ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കിയ സംഭവങ്ങളുമുണ്ട്. സംസ്കരണ പ്ലാന്റില്ലാത്ത ഫ്ലാറ്റ് സമുച്ചയങ്ങളിൽനിന്ന് സമീപത്തെ പുഴകളടക്കം ജലാശയങ്ങളിലേക്ക് വൻ തോതിൽ മലിനജലം ഒഴുക്കുകയാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തിയ ഫ്ലാറ്റുകളുടെ വിവരങ്ങളാണ് ഓരോ ജില്ലയിൽനിന്നും ശേഖരിക്കുന്നതെന്ന് ബോർഡ് ചെയർമാൻ എ.ബി. പ്രദീപ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. വൻകിട ഫ്ലാറ്റുകളാണ് നിയമലംഘനം കൂടുതൽ നടത്തിയിരിക്കുന്നത്. വ്യവസ്ഥകൾക്ക് വിരുദ്ധമായി പണിത പ്ലാന്റുകൾ ഉൾപ്പെടുന്ന ഫ്ലാറ്റുകൾ നിർമാതാക്കൾ വിറ്റ് കൈയൊഴിയുമ്പോൾ പുതിയ ഉടമകളാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ നേരിടേണ്ടിവരുന്നത്.
മലിനജല സംസ്കരണ പ്ലാന്റ് എങ്ങനെ, എത്ര മീറ്റർ അകലത്തിൽ, എത്ര വലുപ്പത്തിൽ പണിയണമെന്ന് വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ഇത് കൃത്യമായി പാലിച്ച് നിർമാണം പൂർത്തിയാക്കിയ ഫ്ലാറ്റുകൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നാണ് ചട്ടം. എന്നാൽ, നിയമം ലംഘിച്ച് നിർമിച്ച ചില ഫ്ലാറ്റുകൾ പിന്നീട് അധികൃതരെ സ്വാധീനിച്ച് നിർമാണം ക്രമപ്പെടുത്തിയെടുക്കുന്ന പ്രവണതയുമുണ്ട്.
ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ കണക്കാക്കുന്നത് സംബന്ധിച്ച കൃത്യമായ മാർഗനിർദേശം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന ബോർഡ് കേന്ദ്ര ബോർഡിന്റെ സഹായം തേടിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.